ഗാസയിലെ ഇസ്രായേൽ അധിനിവേശം തടയണമെന്ന ഹർജിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധിപറയും. ദക്ഷിണാഫ്രിക്ക സമർപ്പിച്ച ഹർജിയിലാണ് ഐസിജെ ഇന്ന് വൈകിട്ട് വിധി പറയുക. എന്നാൽ കോടതി വിധി എന്തായാലും ഗാസ യുദ്ധത്തിൽ നിന്ന് തങ്ങളെ പിന്തിരിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു.
കോടതിവിധി അംഗീകരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു. ഇസ്രായേലിനെയും ഹമാസിനെയും തുലനം ചെയ്യുന്ന കോടതി നീക്കം അപലപനീയമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. അതേസമയം പുതിയ വെടിനിർത്തൽ നിർദേശം മധ്യസ്ഥ രാജ്യങ്ങൾക്ക് കൈമാറാൻ ഇസ്രായേൽ തീരുമാനിച്ചു. വെടിനിർത്തൽ ചർച്ചക്കായി സിഐഎ മേധാവി പശ്ചിമേഷ്യയിലേക്ക് തിരിക്കും.
ഇന്നലെ ചേർന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗം പുതിയ വെടിനിർത്തൽ നിർദേശം ചർച്ച ചെയ്തു. അധികം വൈകാതെ നിർദേശം മധ്യസ്ഥ രാജ്യങ്ങൾക്ക് കൈമാറാനാണ് തീരുമാനം. വെടിനിർത്തൽ ചർച്ചക്ക് ആക്കം കൂട്ടാൻ യുഎസ് ഇന്റലിജൻസ് ഏജൻസിയായ സിഐഎ മേധാവി വില്യം ബേൺസ് യൂറോപ്പിലും പശ്ചിമേഷ്യയിലും പര്യടനം നടത്തും. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനി, മൊസാദ് മേധാവി എന്നിവരുമായി യൂറോപ്പിൽ വില്യം ബേൺസ് ചർച്ച നടത്തും.