'ഗാസയിലെ അധിനിവേശം തടയണം'; ഇസ്രയേലിനെതിരെയുള്ള ഹർജിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും

ഗാസയിലെ ഇസ്രായേൽ അധിനിവേശം തടയണമെന്ന ഹർജിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധിപറയും. ദക്ഷിണാഫ്രിക്ക സമർപ്പിച്ച ഹർജിയിലാണ് ഐസിജെ ഇന്ന്​ വൈകിട്ട്​ വിധി പറയുക. എന്നാൽ കോടതി വിധി എന്തായാലും ഗാസ യുദ്ധത്തിൽ നിന്ന്​ തങ്ങളെ പിന്തിരിപ്പിക്കില്ലെന്ന്​ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു.

കോടതിവിധി അംഗീകരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന്​ യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു. ഇസ്രായേലിനെയും ഹമാസിനെയും തുലനം ചെയ്യുന്ന കോടതി നീക്കം അപലപനീയമാണെന്ന്​ വൈറ്റ്​ ഹൗസ്​ പ്രതികരിച്ചു. അതേസമയം പുതിയ വെടിനിർത്തൽ നിർദേശം മധ്യസ്ഥ രാജ്യങ്ങൾക്ക് കൈമാറാൻ ഇസ്രായേൽ തീരുമാനിച്ചു. വെടിനിർത്തൽ ചർച്ചക്കായി സിഐഎ മേധാവി പശ്ചിമേഷ്യയിലേക്ക് തിരിക്കും.

ഇന്നലെ ചേർന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗം പുതിയ വെടിനിർത്തൽ നിർദേശം ചർച്ച ചെയ്​തു. അധികം വൈകാതെ നിർദേശം മധ്യസ്​ഥ രാജ്യങ്ങൾക്ക്​ കൈമാറാനാണ്​ തീരുമാനം. വെടിനിർത്തൽ ചർച്ചക്ക്​ ആക്കം കൂട്ടാൻ യുഎസ്​ ഇന്റലിജൻസ് ഏജൻസിയായ സിഐഎ മേധാവി വില്യം ബേൺസ്​ യൂറോപ്പിലും പശ്​ചിമേഷ്യയിലും പര്യടനം നടത്തും. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ്​ ബിൻ അബ്​ദുർറഹ്​മാൻ ബിൻ ജാസിം ആൽഥാനി, മൊസാദ്​ മേധാവി എന്നിവരുമായി യൂറോപ്പിൽ വില്യം ബേൺസ്​ ചർച്ച നടത്തും.