ഇന്ത്യൻ പൗരനായ സരബ്ജിത് സിങ്ങിനെ ജയിലിൽ വച്ച് കൊലപ്പെടുത്തിയ പാകിസ്ഥാൻ അധോലോക കുറ്റവാളി അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. പാകിസ്ഥാൻ തിരയുന്ന അധോലോക കുറ്റവാളികളിൽ ഒരാളായ താംബ എന്ന അമീർ സർഫറാസാണ് രണ്ട് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ലാഹോറിലെ ഇസ്‌ലാംപുര മേഖലയിൽ മോട്ടോർ സൈക്കിളിൽ എത്തിയ അക്രമികൾ അമീർ സർഫറാസയ്ക്ക് നേരെ വെടിയുതിർത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച ഇയാൾ മരണപ്പെടുകയായിരുന്നു.
2013-ലാണ് ഇന്ത്യൻ പൗരൻ സരബ്‌ജിത് സിങ് പാകിസ്ഥാനിലെ ലാഹോർ ജയിലിൽവച്ച് കൊല്ലപ്പെടുന്നത്. അധോലോക കുറ്റവാളിയായ സർഫറാസും സഹതടവുകാരനും ചേർന്ന് സരബ്‌ജിത് സിങ്ങിനെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. ചുടുകട്ടയും മൂർച്ചയേറിയ ആയുധങ്ങളുംകൊണ്ട് ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ സരബ്‌ജിത് സിങ്ങിനെ 2013-മെയ് മാസത്തിൽ ലാഹോറിലെ ജിന്ന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത്. അഞ്ച് ദിവസത്തിനുശേഷം സരബ്‌ജിത് സിങ് ഹൃദയാഘാതംമൂലം മരിക്കുകയായിരുന്നു.
പഞ്ചാബ് സ്വദേശിയായ സരബ്‌ജിത്തിനെ 1990-ലാണ് ചാരവൃത്തിയും ബോംബ് സ്ഫോടനങ്ങളിലെ പങ്കും ആരോപിച്ച് പാക് അധികൃതർ സരബ്‌ജിത് സിങ്ങിനെ അറസ്റ്റു ചെയ്യുന്നത്. പാകിസ്താന്റെ ആരോപണം ഇന്ത്യയും സരബ്‌ജിത്തിൻ്റെ ബന്ധുക്കളും നിഷേധിച്ചിരുന്നെങ്കിലും സരബ്‌ജിത് സിങ്ങിനെ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയായിരുന്നു. തുടർന്ന് സരബ്‌ജിത് സിങ്ങിന് ദീർഘകാലം പാക് ജയിലിൽ കഴിയേണ്ടിവന്നു.
Read more
സരബ്‌ജിത് സിങ്ങിന് വധശിക്ഷ വിധിച്ചത് ഇന്ത്യയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദയാഹർജികളടക്കം പലതവണ സമർപ്പിക്കപ്പെട്ടെങ്കിലും അവയൊന്നും ഫലംകണ്ടില്ല. അദ്ദേഹത്തെ ആക്രമിച്ച അധോലോക കുറ്റവാളി സർഫറാസിനെ 2018 ഡിസംബറിൽ ലാഹോറിലെ കോടതി മോചിപ്പിച്ചിരുന്നു.