ഹൂതികളുടെ സൈനിക കേന്ദ്രം തകര്‍ത്ത് അമേരിക്ക; ചെങ്കടലിന്റെ ആക്രമണത്തിന് ട്രംപിന്റെ പ്രതികാരം; ഭീകരരുടെ വേരറുക്കാന്‍ വ്യോമാക്രമണം ശക്തമാക്കി

ട്രംപിന്റെ കര്‍ശന നിര്‍ദേശത്തില്‍ നിര്‍ണായക ചുവടുവെയ്പ്പുമായി അമേരിക്കന്‍ സൈന്യം.
വ്യോമാക്രമണത്തില്‍ യമനിലെ ഹൂതികളുടെ സൈനിക കേന്ദ്രം തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി നടന്ന ആക്രമണത്തിലാണ് സൈനിക ആസ്ഥാനം തകര്‍ന്നത്.

വ്യോമാക്രമണത്തിന്റെ വിഡിയോ ദൃശ്യം യുഎസ് സൈന്യം പുറത്തുവിട്ടിട്ടുണ്ട്. സൈനിക ജനറല്‍ കമാന്‍ഡ് ആസ്ഥാനമാണ് തകര്‍ന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക തലസ്ഥാനമായ സന്‍ആയിലും സഅദയിലും അല്‍ ജൗഫിലുമാണ് ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. സഅദയിലെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബ്രോഡ്കാസ്റ്റിങ് സ്റ്റേഷനകളും കമ്യൂണിക്കേഷന്‍ ടവറുകളും തകര്‍ന്നതായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള ടെലികമ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വ്യക്തമാക്കി.

തുടര്‍ച്ചയായ രണ്ടാം ആഴ്ചയും ഹൂതി ക്യാമ്പുകള്‍ക്ക് നേരെ വ്യാപക വ്യോമാക്രമണമാണ് നടക്കുന്നത്. യുഎസ് ആക്രമണം കടുപ്പിച്ചതോടെ ഹൂതികള്‍ ഒളിത്താവളങ്ങളിലേക്ക് മാറി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളിലാണ് ഇപ്പോള്‍ ബോംബിങ് നടക്കുന്നത്. ശക്തികേന്ദ്രമായ സഅദയിലും ചെങ്കടല്‍ തുറമുഖ നഗരമായ ഹുദൈദയിലും മഅ് രിബ് പ്രവിശ്യയിലും യു.എസ് ആക്രമണം നടന്നതായി ഹൂതികള്‍ അറിയിച്ചു.

ചെങ്കടലില്‍ സഞ്ചരിക്കുന്ന ഇസ്രായേല്‍ ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിടുന്നത് തുടരുമെന്ന ഭീഷണിക്ക് പിന്നാലെയാണ് ഹൂതി വിമതര്‍ക്ക് നേരെ യു.എസ് ആക്രമണം തുടങ്ങിയത്. മാര്‍ച്ച് 15ന്റെ വ്യോമാക്രമണത്തില്‍ സന്‍ആയില്‍ 53 പേര്‍ കൊല്ലപ്പെട്ടിരുന്നു. മിസൈല്‍ മേധാവിയടക്കം ഹൂതികളുടെ നേതൃത്വത്തെ നശിപ്പിക്കാന്‍ കഴിഞ്ഞതായി യു എസ് പ്രസിഡന്റിന്റെ സുരക്ഷ ഉപദേഷ്ടാവ് മൈക് വാട്സ് വ്യക്തമാക്കി. അമേരിക്ക ആക്രമണം ശക്തമാക്കിയതോടെ ചെങ്കടലിലൂടെയുള്ള കപ്പലുകളെ ആക്രമിക്കുന്നതില്‍ നിന്നും ഹൂതികള്‍ പിന്‍വലിഞ്ഞിട്ടുണ്ട്.

നേരത്തെ, യെമനിലെ ഹൂതികളെ പൂര്‍ണമായി നശിപ്പിക്കയെന്നത് അമേരിക്കയുടെ ലക്ഷ്യമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ചെങ്കടലിന്‍ സമാധാനമാണ് അമേരിക്ക ആഗ്രഹിക്കുന്നത്.

യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ യുഎസ് വ്യോമസേന വ്യോമാക്രമണം തുടരുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹൂതികള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇറാനും ട്രംപ് മുന്നറിയിപ്പ് നല്‍കി.

യെമന്‍ തലസ്ഥാനമായ സനായിലും ഹൂതികളുടെ ശക്തികേന്ദ്രങ്ങളിലും യുഎസ് വ്യോമാക്രമണം തുടരുകയാണ്. ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ഹൂതികള്‍ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യുഎസ് കഴിഞ്ഞ ദിവസം വ്യോമാക്രമണം ആരംഭിച്ചത്. അമേരിക്കയുടെ ആക്രമണങ്ങള്‍ ഇനിയും കടുപ്പിക്കുമെന്നും ഹൂതികളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ഇറാന് അമേരിക്ക താക്കീത് കൊടുത്തിട്ടുണ്ട്. ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ഹൂതികള്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് യുഎസ് നടപടി. തലസ്ഥാനമായ സനായിലാണ് വ്യോമാക്രമണം നടത്തിയത്.

ട്രംപ് രണ്ടാം തവണയും പ്രസിഡന്റായ ശേഷം മധ്യപൂര്‍വദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്. നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതല്‍ നിര്‍ത്തണമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തുന്ന ഒരാക്രമണവും ഇനി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോടും ആവശ്യപ്പെട്ടു.

2023 നവംബര്‍ മുതല്‍ കപ്പലുകളെ ലക്ഷ്യമാക്കി 100 ത്തിലധികം ആക്രമണങ്ങള്‍ ഹൂതികള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഇസ്രയേലിന്റെ കപ്പലുകള്‍ ഉള്‍പ്പെടെ ആക്രമിക്കുന്നതെന്നാണ് ഹൂതികള്‍ വാദിക്കുന്നത്.