നൊബേല്‍ പുരസ്‌കാര ജേതാവും പാകിസ്ഥാനിലെ പ്രശസ്ത വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ് സായുടെ വിവാഹവാർത്ത ഞെട്ടലുണ്ടാക്കിയെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിന്‍. 24 വയസ്സുകാരിയായ മലാല ഒരു പാകിസ്ഥാനിയെ വിവാഹം കഴിച്ചുവെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി എന്നാണ് തസ്ലീമ നസ്റിന്‍ ട്വീറ്റ് ചെയ്തത്.
“മലാല ഒരു പാകിസ്ഥാനിയെ വിവാഹം കഴിച്ചുവെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി, അവൾക്ക് 24 വയസ്സ് മാത്രമേ ആയുള്ളൂ. ഞാൻ കരുതിയത് മലാല ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിക്കാന്‍ പോയി എന്നാണ്. ഓക്‌സ്‌ഫോർഡിലെ ഒരു സുന്ദരനായ പുരോഗമനവാദിയായ ഇംഗ്ലീഷുകാരനുമായി പ്രണയത്തിലാകുകയും പിന്നീട് 30 വയസിനു ശേഷം വിവാഹം കഴിക്കുകയും ചെയ്യുമെന്നാണ് കരുതിയത്, പക്ഷെ…’ അവര്‍ കുറിച്ചു.
Quite shocked to learn Malala married a Pakistani guy. She is only 24. I thought she went to Oxford university for study, she would fall in love with a handsome progressive English man at Oxford and then think of marrying not before the age of 30. But..
— taslima nasreen (@taslimanasreen) November 9, 2021
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥന്‍ അസര്‍ മാലിക്കുമായി വിവാഹിതയായ വിവരം മലാല തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പങ്കുവെച്ചത്.
തസ്ലീമ നസ്റിന്റെ ട്വീറ്റിന് പിന്നാലെ അവരുടെ അഭിപ്രായത്തെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. എല്ലാ പാകിസ്ഥാന്‍ പുരുഷന്മാരും പിന്തിരിപ്പന്‍ ചിന്താഗതിക്കാരാണെന്ന് കരുതുന്നത് തെറ്റാണെന്നത് അടക്കമുള്ള പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ ഇതിന് പിന്നാലെ തസ്ലീമ നസ്റിന്‍ മറ്റൊരു ട്വീറ്റും പുറത്ത് വിട്ടു. “പാകിസ്ഥാനില്‍ നിന്നുള്ള ഏറ്റവും പുരോഗമനവാദിയായ സ്വതന്ത്ര ചിന്താഗതിക്കാരനായിരുന്നു ഇമ്രാന്‍ ഖാന്‍. അദ്ദേഹം ഒരു ജൂത പെണ്‍കുട്ടിയുമായി പ്രണയത്തിലായി. പിന്നീട് എന്തു സംഭവിച്ചു? ആ പെണ്‍കുട്ടുയെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു, മതഭ്രാന്തന്മാരെ ന്യായീകരിച്ച്, വിവാഹമോചനം നേടി, വീണ്ടും വിവാഹം കഴിച്ചു, വീണ്ടും വിവാഹമോചനം നേടി, ഒടുവില്‍ ഒരു ബുര്‍ഖാധാരിയെ വിവാഹം ചെയ്തു. വിഷലിപ്തമായ പുരുഷത്വം!” തസ്ലീമ കുറിച്ചു.
ഒരു മുസ്ലിമും, പാകിസ്ഥാനിയുമായ പുരുഷനെ വളരെ ചെറുപ്പത്തില്‍ തന്നെ മലാല വിവാഹം കഴിച്ചു എന്നത് സ്ത്രീവിരുദ്ധ നിലപാടുള്ള താലിബാന് സന്തോഷം നല്‍കുന്നുവെന്നും തസ്ലീമ അഭിപ്രായപ്പെട്ടു.
ആളുകള്‍ വിവാഹം കഴിക്കേണ്ടതിന്റെ ആവശ്യം തനിക്ക് മനസ്സിലാകുന്നില്ലെന്ന് പണ്ട് ‘വോഗു’മായി നടത്തിയ ഒരു അഭിമുഖത്തില്‍ മലാല പറഞ്ഞതിന്റെ സ്ക്രീൻഷോട്ടും തസ്ലീമ പങ്കുവെച്ചിരുന്നു. ‘നിങ്ങളുടെ ജീവിതത്തില്‍ ഒരു പങ്കാളി വേണമെന്നുണ്ടെങ്കിൽ, വിവാഹ കരാറിൽ ഒപ്പിടേണ്ടതിന്റെ ആവശ്യം എന്താണ്, എന്തുകൊണ്ട് അത് ഇരുവരും തമ്മിലുള്ള ഒരു പങ്കാളിത്തമായിക്കൂടാ?’ എന്ന് ജൂലൈയില്‍ നടന്ന അഭിമുഖത്തില്‍ മലാല ചോദിക്കുന്നു. ജൂലൈയില്‍ മലാല കൂടുതല്‍ പക്വതയുള്ളവളായിരുന്നുവെന്ന് തസ്ലീമ അഭിപ്രായപ്പെട്ടു. പാകിസ്ഥാൻ പൗരന്മാർ ഉൾപ്പെടെ നിരവധി പേർ സോഷ്യല്‍ മീഡിയയില്‍ ഇത് പങ്കുവെച്ചിട്ടുണ്ട്.
She was more matured in July. pic.twitter.com/fGOPGZU8my
— taslima nasreen (@taslimanasreen) November 10, 2021
Read more
പാക് താലിബാന്റെ വധശ്രമം അതിജീവിച്ച വ്യക്തിയാണ് മലാല. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയതിന് 2012 ലാണ് മലാലയെ താലിബാന്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചത്. 2014 ല്‍ മലാലയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ മലാല മാതാപിതാക്കള്‍ക്കൊപ്പം ബ്രിട്ടനിലാണ് താമസം.