കാബൂൾ വിമാനത്താവളത്തിൽ നടന്ന ചാവേർ ബോംബാക്രമണത്തിന് തിരിച്ചടിച്ച് യു.എസ്. ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം അവകാശപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസന്റെ ഒരു സംഘത്തിനെതിരെ വെള്ളിയാഴ്ച ഡ്രോൺ ആക്രമണം നടത്തിയതായി യുഎസ് സൈന്യം അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ നൻഗർഹാർ പ്രവിശ്യയിലാണ് ആളില്ലാ വിമാനത്തിൽ വ്യോമാക്രമണം നടന്നത്. ഭീകരരെ തങ്ങൾ വധിച്ചതായാണ് പ്രാഥമിക സൂചനകൾ എന്ന് സെൻട്രൽ കമാൻഡിലെ ക്യാപ്റ്റൻ ബിൽ അർബൻ പറഞ്ഞു.
വിമാനത്താവളത്തിൽ നടന്ന ചാവേർ ബോംബാക്രമണത്തിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ യുഎസ് ആക്രമണമാണ് ക്യാപ്റ്റൻ ബിൽ അർബൻ സ്ഥിരീകരിച്ചത്. സാധാരണക്കാർക്ക് ജീവഹാനി സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തിന് ശേഷം ആളുകളെ കാബൂൾ വിമാനത്താവളത്തിൽ നിന്ന് കനത്ത സുരക്ഷയിൽ വ്യോമമാർഗം കുടിയൊഴിപ്പിക്കുന്നത് തുടരുന്നതിനിടെയാണ് അഫ്ഗാനിസ്ഥാന് പുറത്ത് നിന്ന് ഐഎസിനെതിരെ ഡ്രോൺ ആക്രമണം നടത്തിയത്.
കാബൂൾ വിമാനത്താവളത്തിന്റെ ആബി ഗേറ്റിന് മുന്നിലെ ജനക്കൂട്ടത്തിൽ വ്യാഴാഴ്ച ഒരു ചാവേർ ബോംബ് പൊട്ടിത്തെറിച്ച് 13 യുഎസ് സൈനികർ ഉൾപ്പെടെ 78 പേരാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ 200 കടന്നുവെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
Read more
പൊട്ടിത്തെറിക്ക് ശേഷം തോക്കുധാരികൾ വെടിവെക്കുകയും ചെയ്തു എന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിന്റെ അഫ്ഗാൻ വിഭാഗമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.