ബംഗ്ലാദേശിൽ ഭരണമാറ്റമുണ്ടാകാനായി യുഎസ് ആസൂത്രിത നീക്കം നടത്തി; രാജ്യം വിടുന്നതിന് മുമ്പ് ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗം പുറത്ത്

വിദ്യാർത്ഥികളുടെ അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ ഓഗസ്റ്റ് 5 ന് രാജ്യം വിടുന്നതിന് മുമ്പ് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗം പുറത്ത്. ബംഗ്ലാദേശിൽ ഭരണമാറ്റമുണ്ടാകാനായി യുഎസ് ആസൂത്രിത നീക്കം നടത്തിയെന്ന് കുറ്റപ്പെടുത്തി. മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനായാണ് ഞാൻ രാജിവെച്ചതെന്നും ഹസീന പറഞ്ഞു.

സെന്റ് മാർട്ടിൻ ദ്വീപിൻ്റെ പരമാധികാരം അടിയറവെക്കുകയും ബംഗാൾ ഉൾക്കടലിനുമേൽ അധികാരം സ്ഥാപിക്കാൻ അമേരിക്കയെ അനുവദിക്കുകയും ചെയ്‌തിരുന്നെങ്കിൽ അധികാരത്തിൽ തുടരാൻ കഴിയുമായിരുന്നുമെന്നും ഹസീന പറഞ്ഞു. വിദ്യാർഥികളുടെ മൃതദേഹങ്ങളിൽ ചവിട്ടി ഭരണത്തിലേറാനാണ് അവർ ആഗ്രഹിച്ചത്. എന്നാൽ, ഞാൻ അതിന് അനുവദിച്ചില്ല. പ്രധാനമന്ത്രിപദത്തിൽ നിന്ന് ഞാൻ രാജിവെച്ചിരിക്കുകയാണെന്നും ഷെയ്‌ഖ് ഹസീന പറഞ്ഞു.

തീവ്രവാദികളാൽ തെറ്റിദ്ധരിക്കപ്പെടരുതെന്ന് എന്റെ രാജ്യത്തെ ജനങ്ങളോട് ഞാൻ അഭ്യർഥിക്കുന്നുവെന്നും ഹസീന പ്രസംഗത്തിൽ പറയുന്നുണ്ട്. ഞാൻ രാജ്യത്ത് തുടർന്നിരുന്നെങ്കിൽ കൂടുതൽ ജീവനുകൾ നഷ്ടമായേനെ. ഞാൻ സ്വയം മാറുകയാണ്. നിങ്ങളായിരുന്നു എൻ്റെ ബലം. നിങ്ങൾക്കെന്നെ വേണ്ടാതായി, അതിനാൽ ഞാൻ പോകുന്നുവെന്നും ഹസീന പറഞ്ഞു. തന്റെ പാർട്ടിയായ അവാമി ലീഗിൻ്റെ പ്രവർത്തകരോട് പ്രതീക്ഷ കൈവെടിയരുതെന്നും തിരിച്ചടി നേരിട്ടപ്പോഴെല്ലാം അവാമി ലീഗ് തിരിച്ചുവന്നിട്ടുണ്ടെന്നും ഹസീന കൂട്ടിച്ചേർത്തു. താൻ ഉടൻ തിരിച്ചുവരുമെന്നും താൻ പരാജയപ്പെട്ടുവെങ്കിലും ബംഗ്ലാദേശിലെ ജനങ്ങൾ വിജയിച്ചുവെന്നും ഹസീന പ്രസംഗത്തിൽ പറഞ്ഞു.