സിംഗപ്പൂരിലേക്ക് പാസ്‌പോര്‍ട്ട് ഇല്ലാതെ പറന്നാലോ!; ബയോമെട്രിക് ഡാറ്റയുടെ സഹായത്തോടെ പുതിയ പദ്ധതിയ്‌ക്കൊരുങ്ങി ചാംഗി എയര്‍പോര്‍ട്ട്

വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലുള്ളതാണ് സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്റ് തുടങ്ങിയവ. സിംഗപ്പൂരിലേക്ക് പാസ്‌പോര്‍ട്ട് പോലും ഇല്ലാതെ ഒരു യാത്ര പോയാലോ! അതിന് സാധിക്കുമെന്ന വാര്‍ത്തകളാണ് സിംഗപ്പൂരില്‍ നിന്ന് പുറത്ത് വരുന്നത്. സിംഗപ്പൂര്‍ ചാംഗി എയര്‍പോര്‍ട്ടില്‍ അടുത്ത വര്‍ഷം മുതല്‍ പാസ്‌പോര്‍ട്ട് ഇല്ലാതെയും യാത്ര നടത്താം.

ഓട്ടോമേറ്റഡ് ഇമിഗ്രേഷന്‍ ക്ലിയറന്‍സിന്റെ സഹായത്തോടെയാണ് പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിക്കാനൊരുങ്ങുന്നത്. അടുത്ത വര്‍ഷത്തോടെ പദ്ധതി നിലവില്‍ വരുമെന്ന് കമ്മ്യൂണിക്കേഷന്‍ വകുപ്പ് മന്ത്രി ജോസേഫൈന്‍ അറിയിച്ചു. ബയോമെട്രിക് ഡാറ്റയുടെ സഹായത്തോടെ യാത്രക്കാര്‍ക്ക് മറ്റ് നഗരങ്ങളിലും സംസ്ഥാനങ്ങളിലും യാത്ര സാധ്യമാക്കുമെന്ന് ജോസേഫൈന്‍ പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്തി.

ഓട്ടോമേറ്റഡ് ഇമിഗ്രേഷന്‍ ക്ലിയറന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചുരുക്കം എയര്‍പോര്‍ട്ടുകളില്‍ ഒന്നായി ചാംഗി മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ പദ്ധതി നിലവില്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് കൈയില്‍ കരുതേണ്ട രേഖകളുടെ എണ്ണം കുറയ്ക്കാനാകും. ഭാവിയില്‍ യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസും പാസ്‌പോര്‍ട്ടും കൈവശം വയ്‌ക്കേണ്ട ആവശ്യം വരില്ലെന്നും മന്ത്രി പറഞ്ഞു.

ചാംഗി എയര്‍പോര്‍ട്ടില്‍ ബയോമെട്രിക് സാങ്കേതിക വിദ്യയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫേഷ്യല്‍ റെക്കഗ്നേഷ്യന്‍ നിലവിലുണ്ട്. 400ഓളം നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന നൂറോളം വിമാനങ്ങള്‍ ചാംഗിയില്‍ നിന്ന് പറന്നുയരുന്നുണ്ട്. നിലവില്‍ നാല് ടെര്‍മിനലുകളായി പ്രവര്‍ത്തിക്കുന്ന ചാംഗി എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അഞ്ചാമത്തെ ടെര്‍മിനല്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.