യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലേക്ക് മാരക വിഷാംശം ഉൾക്കൊള്ളുന്ന കത്തയച്ചതായി റിപ്പോർട്ട്. കാനഡയില്‍ നിന്ന് അയച്ചതെന്ന് കരുന്ന പാഴ്സലില്‍ റസിന് എന്ന മാരക വിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറ്റ് ഹൗസിലേക്ക് കത്ത് എത്തുന്നതിന് മുമ്പ് തന്നെ പരിശോധന നടത്തി വിഷ വസ്തു അടങ്ങിയ കാര്യം കണ്ടെത്തുകയായിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
എഫ്.ബി.ഐയും യു.എസ് രഹസ്യാന്വേഷണ വിഭാഗവും പോസ്റ്റൽ വിഭാഗവും സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൊതു സുരക്ഷക്ക് ഭീഷണിയാകുന്ന സാഹചര്യം നിലവിലില്ലെന്ന് എഫ്.ബി.ഐ അറിയിച്ചു. വൈറ്റ് ഹൗസ് അധികൃതരോ രഹസ്യാന്വേഷണ വിഭാഗമോ ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയിട്ടില്ല.
ആവണക്കിൽ നിന്ന് വേർതിരിച്ചെടുത്ത് ഉൽപ്പാദിപ്പിക്കുന്ന വിഷവസ്തുവാണ് റസിൻ. ഇത് ജൈവായുധമായി ഉപയോഗിക്കുന്നുണ്ട്. ഒരു മൊട്ടുസൂചി മുനയോളം വരുന്ന വിഷപദാർഥം മതി 72 മണിക്കൂറിനുള്ളിൽ ഒരാളുടെ മരണത്തിനിടയാക്കാൻ. ഇതിനെ നേരിടാനുള്ള മറുമരുന്നുകൾ കണ്ടെത്തിയിട്ടില്ല.
Read more
റസിൻ അടങ്ങിയ കത്ത് നേരത്തെയും അമേരിക്കൻ അധികൃതരുടെ വിലാസത്തിലേക്ക് എത്തിയിട്ടുണ്ട്. 2018ൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും എഫ്.ബി.ഐ മേധാവിക്കും റസിൻ അടങ്ങിയ കത്ത് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വില്യം ക്ലെയിഡ് അലൻ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ബാരക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് റസിൻ അടങ്ങിയ കത്തയച്ച സംഭവത്തിൽ രണ്ട് പേർ ശിക്ഷയനുഭവിക്കുകയാണ്.