ഭൂമി നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് മനുഷ്യ നിര്‍മ്മിതിയായ പ്ലാസ്റ്റിക് മാലിന്യം. വായു മലിനീകരണത്തേക്കാള്‍ ഭീകരമാണ് പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന ദുരന്തമെന്ന് ഗവേഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്. ജലജീവികളുടെ ആവാസവ്യവസ്ഥയെയും ഭൂമിയെയും ഒരു പോലെ മലിനമാക്കാന്‍ പ്ലാസ്റ്റിക്കിന് കഴിയുമെന്നത് തന്നെയാണ് കാരണം.
പ്ലാസ്റ്റിക് മാലിന്യത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന അന്വേഷണത്തിലാണ് ലോകമെങ്ങുമുള്ള ഒരു സംഘം ഗവേഷകര്‍. എന്നാല്‍, കാര്യക്ഷമമായ രീതിയില്‍ പ്ലാസ്റ്റിക് നിര്‍മ്മാർജ്ജനം സാധ്യമല്ലാതെ വന്നപ്പോള്‍ പ്ലാസ്റ്റിക് പുനരുപയോഗം എന്ന ആശയത്തിലാണ് ഇപ്പോള്‍ ഗവേഷകരും പരിസ്ഥിതി പ്രവര്‍ത്തകരും മുന്‍തൂക്കം നല്‍കുന്നത്.
ഇപ്പോഴിതാ പ്ലാസ്റ്റിക് തിന്നുന്ന പുഴുവിനെ കണ്ടെത്തിയിരിക്കുകയാണ്. ഈ കണ്ടെത്തൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന് ഒരു വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആൽഫിറ്റോബിയസ് ജനുസ്സിൽപ്പെട്ട പുഴുക്കളുടെ ലാർവകൾക്ക് പ്ലാസ്റ്റിക് തരംതിരിക്കാനും കഴിക്കാനും ദഹിപ്പിക്കാനും കഴിയുമെന്ന് കെനിയയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. ഈ പുഴു ആഫ്രിക്കന്‍ സ്വദേശിയാണ്.
ഭൂമിയില്‍ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മലിനീകരണമുള്ള രണ്ടാമത്തെ ഭൂഖണ്ഡമാണ് ആഫ്രിക്ക. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിലെ പ്ലാസ്റ്റികിന്‍റെ 5 % മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂവെങ്കിലും കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മലിനീകരണമുള്ള ഭൂഖണ്ഡം തന്നെയാണ് ആഫ്രിക്ക. ഇപ്പോഴത്തെ ഈ പുതിയ കണ്ടെത്തല്‍ ആഫ്രിക്കയിലെ പ്ലാസ്റ്റിക് മലിനീകരണത്തെ നേരിടാൻ ഉപയോഗപ്രദമാകുമെന്നാണ് കണക്ക് കൂട്ടൽ. സ്റ്റൈറോഫോം ഭക്ഷണ പാത്രങ്ങളിലും പാക്കേജിംഗിലും സാധാരണയായി കാണപ്പെടുന്ന ഒരു തരം പ്ലാസ്റ്റിക്കായ പോളിസ്റ്റൈറീൻ ദഹിപ്പിക്കാന്‍ ഈ പുഴുക്കള്‍ക്ക് കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഈ ഇനം പുഴുക്കളെ ആദ്യമായാണ് തിരിച്ചറിയുന്നത്.
ഇവ പുതിയ ഉപജാതിയായിരിക്കാമെന്നാണ് ഗവേഷകരുടെ അനുമാനം. ആദ്യമായാണ് ആഫ്രിക്കയില്‍ നിന്നുള്ള പുഴുക്കള്‍ക്ക് ഇത്തരമൊരു കഴിവുണ്ടെന്ന് കണ്ടെത്തുന്നതെന്ന് കെനിയയിലെ ഇന്‍റർനാഷണൽ സെന്‍റർ ഓഫ് ഇൻസെക്റ്റ് ഫിസിയോളജി ആൻഡ് ഇക്കോളജിയിലെ ശാസ്ത്രജ്ഞയായ ഫാത്തിയ ഖാമിസ് പറഞ്ഞു. ഇത് സംബന്ധിച്ച പ്രബന്ധം ഇക്കഴിഞ്ഞ സെപ്തംബറിലാണ് സയന്‍റിഫിക് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ചത്.
ഗവേഷണത്തിന്‍റെ ഭാഗമായി ലാർവകള്‍ക്ക് നല്‍കിയ പോളിസ്റ്റൈറൈന്‍റെ 50 % വരെ കഴിക്കാൻ അവയ്ക്ക് കഴിഞ്ഞെന്നും ഗവേഷകർ പറയുന്നുണ്ട്. അതേസമയം പ്ലാസ്റ്റിക്, തവിട് പോലുള്ള ധാന്യപൊടികളോ ഭക്ഷ്യവസ്തുക്കളുമായോ കലര്‍ത്തിയാണ് കൊടുക്കുന്നതെങ്കില്‍ കൂടുതല്‍ പ്ലാസ്റ്റിക് അവയ്ക്ക് കഴിക്കാന്‍ കഴിയുന്നുണ്ടെന്നും കണ്ടെത്തി. ഭക്ഷണപ്പുഴുക്കളുടെ കുടലിലെ ബാക്റ്റീരിയകള്‍ക്ക് പ്ലാസ്റ്റിക്കില്‍ അടഞ്ഞിരിക്കുന്ന പോളിമറുകളെ വേര്‍തിരിക്കാന്‍ സാധിക്കുന്നു. ഒപ്പം, ക്ലുവേര, ലാക്ടോകോക്കസ്, ക്ലെബ്സിയെല്ല തുടങ്ങിയ സൂക്ഷ്മജീവികള്‍ പോളിസ്റ്റൈറീൻ ആഗിരണം ചെയ്യുന്നതില്‍ നിർണായക പങ്ക് വഹിക്കുന്നു. ഇത്തരം സൂക്ഷ്മ ജീവികള്‍ പ്ലാസ്റ്റിക് ആഗിരണം ചെയ്യുന്നതിനാവശ്യമായ എന്‍സൈമുകള്‍ ഉത്പാദിപ്പിക്കുന്നതാണ് കാരണം. ഇത്തരത്തില്‍ ജൈവികമായി തന്നെ പ്ലാസ്റ്റിക് ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ ഇത് ലാർവകളെ ദോഷകരമായി ബാന്ധിക്കുന്നില്ലെന്നും ഗവേഷകര്‍ പറയുന്നുണ്ട്.
പ്ലാസ്റ്റിക് മാലിന്യത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന ആശങ്ക നിലനിൽക്കെ ഈ പുതിയ കണ്ടെത്തല്‍, പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാർജ്ജനത്തിന് ഭാവിയില്‍ മുതല്‍ക്കൂട്ടാവുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ഇതുപ്രകാരം പ്ലാസ്റ്റിക്കിനെ വേര്‍തിരിക്കാനും ഭക്ഷ്യയോഗ്യമാക്കി മാറ്റാനും കഴിയുന്ന എന്‍സൈമുകളുടെയും ബാക്റ്റീരിയല്‍ സ്ട്രൈന്‍സുകളുടെയും കണ്ടെത്തല്‍ പ്ലാസ്റ്റിക് പുനരുപയോഗത്തെ ത്വരിതപ്പെടുത്തും. അതോടൊപ്പം മൃഗങ്ങളുടെ തീറ്റയ്ക്കായി പ്ലാസ്റ്റിക്കിനെ ഉയർന്ന മൂല്യമുള്ള പ്രാണി പ്രോട്ടീനാക്കി മാറ്റുന്നതിന് ഭാവിയില്‍ കഴിയുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.