മുഖ്യമന്ത്രിയുടെ ഗൺമാന്മാരുടെ മർദ്ദന വീഡിയോ പുറത്തു വിട്ട് യൂത്ത്കോൺഗ്രസ്; ക്രൈംബ്രാഞ്ചിനും ഡിജിപിക്കും കൈമാറി

നവകേരള യാത്രയ്ക്കിടെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ ഗണ്‍മാന്‍മാര്‍ക്ക് ക്രൈംബ്രാഞ്ച് ക്ലീന്‍ചിറ്റ് നൽകിയ പശ്ചാത്തലത്തിൽ ദൃശ്യങ്ങൾ പുറത്ത് വിട്ട് യൂത്ത് കോണ്‍ഗ്രസ്. ഗണ്‍മാന്‍മാര്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് കാണിച്ചാണ് ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിക്കാന്‍ റഫറന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന് പിന്നാലെയാണിപ്പോൾ ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലാണ് ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. ദൃശ്യങ്ങള്‍ കിട്ടിയില്ല എന്നാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് കൊടുത്തത്. പിണറായി വിജയൻ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ പോലീസ് കഴിവ് കെട്ടവരും കള്ളന്മാരും ആകുന്നത് സ്വഭാവികമാണെന്നും രാഹുൽ മാങ്കൂട്ടം പറഞ്ഞു. അതേസമയം ക്രൈംബ്രാഞ്ചിനും ഡിജിപിക്കും കൈമാറിയാതായി രാഹുൽ മാങ്കൂട്ടം അറിയിച്ചു.

‘മുഖ്യമന്ത്രിയുടെ ഗുണ്ടകളായ അനിൽകുമാറും സന്ദീപും എന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് സഹപ്രവർത്തകരെ തല്ലുന്ന ദൃശ്യങ്ങൾ കിട്ടിയില്ല എന്നാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് കൊടുത്തത്. ശ്രീ പിണറായി വിജയൻ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ പോലീസ് കഴിവ് കെട്ടവരും കള്ളന്മാരും ആകുന്നത് സ്വഭാവികമാണ്. ക്രൈം ബ്രാഞ്ച് നടത്തിയ “ഊർജ്ജിതമായ അന്വേഷണത്തിൽ “ കണ്ടെത്താൻ കഴിയാതെയിരുന്ന വീഡിയോ ഇന്ന് ഡിജിപിക്കും ക്രൈം ബ്രാഞ്ച് മേധാവിക്കും കൈമാറി. ആ വീഡിയോ ഇവിടെയും പങ്കുവെക്കുന്നു. എന്നിട്ടും കാണാൻ പോലീസിന് പറ്റുന്നില്ല എങ്കിൽ കാണിക്കാൻ യൂത്ത് കോൺഗ്രസിന് അറിയാം’ എന്ന കുറിപ്പും രാഹുൽ മാങ്കൂട്ടം ദൃശ്യത്തിനൊപ്പം ചേർത്തിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് പര്യാപ്തമായ ഇടപെടല്‍ മാത്രമാണ് നടത്തിയതെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വച്ചാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ അനില്‍ കുമാര്‍, സന്ദീപ് എന്നീ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരെ ചോദ്യം ചെയ്തിരുന്നു.

ഡിസംബര്‍ 15നാണ് ആലപ്പുഴ ടൗണില്‍വച്ച് യൂത്ത്കോണ്‍ഗ്രസ്- കെഎസ് യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. ഇതിനെതിരെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരാണ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷമാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയത് രക്ഷാപ്രവര്‍ത്തനമാണെന്ന മുഖ്യമന്ത്രിയുടെ പരമാര്‍ശം വിവാദമായിരുന്നു.