പാസ്‌പോര്‍ട്ട് നിറം മാറ്റം; ബി.ജെ.പിയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ കക്ഷികള്‍; 'തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി കാണാന്‍ അനുവദിക്കില്ല'

പാസ്‌പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനുള്ള നീക്കത്തെച്ചൊല്ലി വിവാദം ശക്തമാകുന്നു. ഇസിആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയേഡ്) പാസ്‌പോര്‍ട്ടിലെ നിറം മാറ്റം കുടിയേറ്റ തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി കാണുന്നുവെന്നാണു മുഖ്യ ആരോപണം. പാസ്‌പോര്‍ട്ടിലെ അവസാനപേജില്‍ മേല്‍വിലാസം അടക്കം സ്വകാര്യവിവരങ്ങള്‍ ഇനിമുതല്‍ പ്രിന്റ് ചെയ്യേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതോടെ മേല്‍വിലാസത്തിനുളള ആധികാരികരേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ല.

ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിനാണ് പാസ്‌പോര്‍ട്ടിന്റെ അവസാനത്തെ പേജ് ഒഴിച്ചിടുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ വിശദീകരണം. മൂന്ന് നിറത്തിലാണ് ഇപ്പോള്‍ പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വെള്ള നിറത്തിലുള്ള പാസ്‌പോര്‍ട്ടാണ്. നയതന്ത്രജ്ഞര്‍ക്ക് ചുവന്ന നിറത്തിലുള്ള പാസ്‌പോര്‍ട്ടും മറ്റുള്ളവര്‍ക്ക് നീല നിറത്തിലുള്ള പാസ്‌പോര്‍ട്ടുമാണ്.

നീല നിറത്തിലുള്ള പാസ്‌പോര്‍ട്ടില്‍ തന്നെ രണ്ട് വിഭാഗമുണ്ട്. എമിഗ്രേഷന്‍ പരിശോധന ആവശ്യമുളളതും (ഇസിആര്‍), എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തതും (ഇസിഎന്‍ആര്‍) ആണ് ഇത്. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ളവര്‍ക്ക് ഇനി മുതല്‍ നീലയ്ക്ക് പകരം ഓറഞ്ച് നിറത്തിലുള്ള പാസ്‌പോര്‍ട്ടുകളാവും നല്‍കുക. എമിഗ്രേഷന്‍ വിഭാഗത്തിലെ നടപടികള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ തീരുമാനം. എന്നാല്‍ നിലവിലെ കാലാവധി അവസാനിക്കുന്നത് വരെ എല്ലാ പാസ്‌പോര്‍ട്ടുകളും അംഗീകൃതമായിരിക്കും. പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ മാറ്റത്തോടെയാവും ഇത് ലഭിക്കുക. അതേസമയം പാസ്‌പോര്‍ട്ടിലെ അവസാനപേജില്‍ മേല്‍വിലാസം, മാതാപിതാക്കളുടെ പേര്, ഭര്‍ത്താവിന്റെയും ഭാര്യയുടെയും പേര് തുടങ്ങിയവ ഇനി പ്രിന്റ് ചെയ്യില്ല.

പാസ്‌പോര്‍ട്ടിലെ വിവേചനത്തിനെതിരെ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെ വിവേചന മനോഭാവമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഒരു വിഭാഗം പൗരന്മാരെ താഴ്ത്തിക്കെട്ടാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.