ഇഖാമ പുതുക്കണമെങ്കില്‍ ഒരു വര്‍ഷത്തെ ലെവി ഒന്നിച്ച് അടയ്ക്കണം

ഇനി ഒരു വര്‍ഷത്തെ ലെവി ഒന്നിച്ചടച്ചാല്‍ മാത്രമേ സൗദി അറേബ്യയില്‍ ഇഖാമ പുതുക്കി നല്‍കുകയുള്ളൂവെന്ന് ജവാസാത് അധികൃതര്‍ വ്യക്തമാക്കി. ഇഖാമ കാലാവധി തീരുന്നതിനു മുന്‍പ് ആശ്രിത വിസയിലുള്ളവര്‍ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് പോകുകയാണെങ്കില്‍ ലെവിയായി അടച്ച തുക തിരിച്ചു നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ നൂറു റിയാലാണ് ലെവി. ഒരു വര്‍ഷത്തെ 1200 റിയാല്‍ ഒരുമിച്ച് അടയ്ക്കണമെന്നാണ് അധികൃതര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

ആശ്രിതരെ ഫൈനല്‍ എക്‌സിറ്റില്‍ വിട്ടതിനു ശേഷം സ്വന്തം ഇഖാമ പുതുക്കാനുദ്ദേശിക്കുന്നവര്‍ ഇഖാമ കാലാവധി തീരുന്നതിനു മുന്‍പേ ആശ്രിതരെ നാട്ടില്‍ വിടണം. കഴിഞ്ഞ വര്‍ഷം ജൂലൈ മാസം മുതലാണ് ആശ്രിതരായ ഓരോ കുടുംബാംഗങ്ങളുടെ പേരിലും മാസം തോറും 100 റിയാല്‍ ലെവി ഏര്‍പ്പെടുത്തിയത്. ഇത് ഈ വര്‍ഷം ജൂലായ് മുതല്‍ 200 റിയാലായും അടുത്തവര്‍ഷം 300 റിയാലും 2020ല്‍ 400 റിയാലായും ഉയര്‍ത്തും.

സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെയും അവരുടെ ആശ്രിതരുടെയും എണ്ണം കുറയ്ക്കുകയും അതുവഴിയായി സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തിലാണ് വിദേശികള്‍ക്കുള്ള തൊഴില്‍ നിയമങ്ങളും ഇഖാമ പുതുക്കലും കൂടുതല്‍ കര്‍ക്കശമാക്കുന്നത്.