തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ വൈകിയാല്‍ കര്‍ശന നടപടി; യു.എ.ഇ

തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ വൈകുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്ന് യുഎഇയിലെ മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം. അടുത്തിടെ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ശമ്പളം നല്‍കേണ്ട തിയതി കഴിഞ്ഞ് 17 പിന്നിട്ടിട്ടും ശമ്പളം വൈകുകയാണെങ്കില്‍ മന്ത്രാലയത്തിലെ പരിശോധന സംഘം സ്ഥാപനങ്ങളില്‍ എത്തുമെന്ന് അറിയിപ്പില്‍ പറയുന്നു. ചെറുകിട സ്ഥാപനങ്ങളാണ് എങ്കില്‍ അവിടെ വര്‍ക് പെര്‍മിറ്റ് നല്‍കുന്നത് തടയുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ശമ്പളം നല്‍കാന്‍ വൈകുന്ന ദിവസങ്ങളുടെ എണ്ണത്തിന് അനുസരിച്ച് നടപടിയും ശക്തമാകും.

യുഎഇയിലെ നിയമങ്ങള്‍ അനുസരിച്ച് തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് ഉടമകള്‍ ശമ്പളം നല്‍കണം എന്നത് നിര്‍ബന്ധമാണ്. ശമ്പളം നല്‍കാന്‍ വൈകിയാല്‍ ഉണ്ടാകുന്ന നടപടികള്‍ ഇപ്രകാരമാണ്;

1. ശമ്പളം നല്‍കേണ്ട തിയതിക്ക് ശേഷം മൂന്നാം ദിവസവും പത്താം ദിവസവും ഔദ്യോഗിക മുന്നറിയിപ്പുകള്‍ നല്‍കും.

2.ശമ്പളം നല്‍കേണ്ട തിയതി പിന്നിട്ട് 17 ദിവസം കഴിഞ്ഞിട്ടും ശമ്പളം വൈകിയാല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ തടയും. അമ്പതില്‍ അധികം ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മന്ത്രാലയത്തിലെ പരിശോധനാ സംഘം നേരിട്ടെത്തും.

3. ശമ്പളം നല്‍കാന്‍ 30 ദിവസത്തിലധികം വൈകുകയാണെങ്കില്‍ സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് നോട്ടീസ് നല്‍കും. 50 മുതല്‍ 499 ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് എതിരെയാണ് ഈ നടപടി സ്വീകരിക്കുക. 500ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളെ മന്ത്രാലയം ‘ഹൈ റിസ്‌ക്’ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും.

4. ഉടമയുടെ കീഴിലുള്ള മറ്റ് സ്ഥാപനങ്ങളുടെയും വര്‍ക്ക് പെര്‍മിറ്റുകള്‍ തടഞ്ഞുവെയ്ക്കും.

5. കൃത്യ സമയത്ത് ശമ്പളം നല്‍കാത്ത രീതി ആവര്‍ത്തിക്കുകയോ ഒന്നില്‍ കൂടുതല്‍ നിയമ ലംഘനങ്ങള്‍ നടത്തുകയോ ചെയ്താല്‍ മന്ത്രാലയത്തില്‍ നിന്നുള്ള പരിശോധനയുണ്ടാകും. സ്ഥാപനത്തെ താഴ്ന്ന കാറ്റഗറിയിലേക്ക് മാറ്റി പിഴയും ഈടാക്കും.

6. തുടര്‍ച്ചയായി മൂന്ന് മാസം ശമ്പളം വൈകിയാല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ ഇഷ്യു ചെയ്യാനോ പുതുക്കാനോ കഴിയില്ല.

Read more

7. ആറ് മാസത്തിലധികം ശമ്പളം വൈകിയാല്‍ പബ്ലിക് പ്രോസിക്യൂഷനില്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കും. പിഴയടക്കം മറ്റ് നടപടികളും നേരിടേണ്ടി വരും.