അമേരിക്കയെ തകര്‍ക്കാന്‍ കഴിയുന്ന ആണവായുധം ഉത്തരകൊറിയയില്‍ ഒരുങ്ങുന്നതായി സിഐഎ തലവന്റെ സ്ഥിരീകരണം

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ യുഎസിനെ തകര്‍ക്കാന്‍ കഴിയുന്ന ആണവ മിസൈല്‍ നിര്‍മിക്കാന്‍ ഉത്തരകൊറിയയ്ക്കു സാധിക്കുമെന്ന
ഞെട്ടിക്കുന്ന മുന്നറിയുപ്പുമായി യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെ തലവന്‍. ബിബിസി ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിഐഎ തലവന്‍ മൈക് പൊമ്പിയൊ തന്റെ നിരാശ വ്യക്തമാക്കിയത്. യുഎസിനെ ആക്രമിക്കാന്‍ സാധിക്കുന്ന ആണവ മിസൈല്‍ ഉത്തരകൊറിയ ഉടന്‍ നിര്‍മിക്കുമെന്നും അതിന്, ഏതാനും മാസത്തെ കാലതാമസം മാത്രമേ ഉണ്ടാകൂവെന്നുമാണ് മൈക്ക് പൊമ്പിയോ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഉത്തരകൊറിയയും കിം ജോങ് ഉന്നും ഉയര്‍ത്തുന്ന വെല്ലുവിളികളെ സിഐഎ സസൂക്ഷമം നിരീക്ഷിച്ച് വരികയാണെന്നും പൊമ്പിയോ പറഞ്ഞു.

യുഎസിന്റെ തന്നെ ഏറ്റവും തന്ത്രപധാന കേന്ദ്രത്തില്‍ നിന്നുള്ള സ്ഥിരീകരണം വലിയ ചലനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് വഴിമരുന്നിട്ടിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, കിം ജോങ് ഉന്‍ ഉയര്‍ത്തുന്ന ഭീഷണികളെ വിടുവായത്തം എന്നടക്കം പറഞ്ഞ് പരിഹസിക്കുകയും മറുഭീഷണി മുഴക്കുകയും ചെയ്തതൊക്കെ താല്‍ക്കാലികമായി തീര്‍ത്ത പ്രതിരോധം മാത്രമായി മാറുകയാണ്.

2017ല്‍ മാത്രം 20 ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. അമേരിക്കയെ മുഴുവന്‍ പരിധിയിലാക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ “ഹ്വാസോങ് 15” വിജയകരമായി പരീക്ഷിച്ചതായാണ് ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ അവകാശപ്പെട്ടത്. വിക്ഷേപണ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍, രാജ്യം പൂര്‍ണ അണ്വായുധശേഷി കൈവരിച്ചതായും എന്നാല്‍ സ്വയംരക്ഷയ്ക്കായി മാത്രമേ ഉപയോഗിക്കൂ എന്നും വ്യക്തമാക്കിയിരുന്നു.

2017 സെപ്റ്റംബറില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച ഉത്തരകൊറിയ തൊട്ടുപിന്നാലെ രണ്ടുതവണ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. അതിന് പുറമേ അമേരിക്കന്‍ സൈനിക കേന്ദ്രമായ ഗുവാം ആക്രമിക്കുമെന്ന മുന്നറിയിപ്പും കിം നല്‍കി. എന്നാല്‍, ഉത്തരകൊറിയയുടെ മിസൈലുകള്‍ യുഎസിനു ഭീഷണിയല്ലെന്നാണ് പെന്റഗണിന്റെ വാദം.

ഉത്തരകൊറിയയ്‌ക്കെതിരെ ബലപ്രയോഗത്തിന് മുതിരുന്നതും അവരെ സൈനികമായി ആക്രമിക്കുന്നതും ആ മേഖലയില്‍ വന്‍തോതിലുള്ള ജീവഹാനിക്ക് കാരണമാകുമെന്നുമാണ് പൊമ്പിയോയുടെ അഭിപ്രായം. ആ മേഖലയിലുള്ള യുഎസിന്റെ സുപ്രധാന സഖ്യകക്ഷികളാണ് ജപ്പാനും ദക്ഷിണകൊറിയയും. ഇത്തരം ഘടകങ്ങള്‍കൂടി പരിഗണിച്ചു മാത്രമേ ഉത്തരകൊറിയയ്‌ക്കെതിരെ എന്തു തീരുമാനവും കൈക്കൊള്ളാനാകൂ. മേല്‍പ്പറഞ്ഞ വെല്ലുവിളികള്‍ ഇല്ലായിരുന്നെങ്കില്‍ കിം ജോങ് ഉന്നിന്റെ ഭീഷണി വേരോടെ പിഴുതെറിയാന്‍ യുഎസിനു മുന്നില്‍ പല മാര്‍ഗങ്ങളുമുണ്ടായിരുന്നു. ഉത്തരകൊറിയക്കെതിരെ കടുത്തഭാഷയില്‍ തിരിച്ചടിക്കുന്ന ട്രംപിന്റെ ശൈലിയേയും പോമ്പിയോ അഭിമുഖത്തില്‍ പ്രശംസിച്ചിട്ടുണ്ട്.

Read more

ഉത്തരകൊറിയ വിഷയത്തിലെ യുഎസിന്റെ നിലപാടാണ് പ്രസിഡന്റിന്റെ വാക്കുകള്‍. ഉത്തര കൊറിയയും കിം ജോങ് ഉന്നും ഉയര്‍ത്തുന്ന എന്തു വെല്ലുവിളികളെയും നയതന്ത്ര തലത്തിനു പുറത്ത് കൈകാര്യം ചെയ്യാന്‍ സഹായകമായ മാര്‍ഗങ്ങള്‍ പ്രസിഡന്റിന് കൈമാറുകയാണ് സിഐഎ യുടെ ചുമതലയെന്നും മൈക്ക് പൊമ്പിയോ വ്യക്തമാക്കി.