ടി20യില്‍ രണ്ടാമന്‍, ഏകദിനത്തില്‍ മൂന്നാമന്‍, ടെസ്റ്റില്‍ സ്ഥാനം പ്രതീക്ഷിക്കുകയേ വേണ്ട, ഗംഭീറിന് കീഴിലും സഞ്ജുവിന് രക്ഷയില്ല

നീണ്ട ഇടവേളയ്ക്ക് ശേഷം ഋഷഭ് പന്ത് ഏകദിനത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ താരത്തിന് വിളി ലഭിച്ചിട്ടുണ്ട്. 2024 ലെ ഐസിസി ടി20 ലോകകപ്പില്‍ അദ്ദേഹം അടുത്തിടെ കളിച്ചു. ടെസ്റ്റ് ടീമിലും പന്ത് സ്ഥാനം തിരിച്ചുപിടിക്കാനാണ് സാധ്യത.

ഇന്ത്യയുടെ കഴിഞ്ഞ ഏകദിന പരമ്പരയില്‍ സെഞ്ച്വറി നേടിയിട്ടും ടീമില്‍ ഇടം നേടാനാകാതെ പോയ സഞ്ജു സാംസണിന് പകരമാണ് പന്തിന് അവസരം ലഭിച്ചത്. ടി20 ഓര്‍ഡറിലും പന്തിന് പിന്നിലാണ് സഞ്ജു. ടെസ്റ്റ് ക്രിക്കറ്റില്‍ താരം അരങ്ങേറ്റം കുറിച്ചിട്ടില്ല. ഏകദിനത്തില്‍, പന്ത് മടങ്ങിയെത്തിയാലും വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ കെ എല്‍ രാഹുലായിരിക്കും ഒന്നാം നമ്പര്‍ ചോയ്‌സ്.

സാംസണിന്റെ പ്രകടനം പലരെയും ഇനിയും ആകര്‍ഷിച്ചിട്ടില്ല. സഞ്ജു പന്തിന്റെ ബാക്കപ്പ് പോലുമല്ല, കാരണം ആ സ്ഥാനം ധ്രുവ് ജൂറലിന് ഫോര്‍മാറ്റുകളിലുടനീളം നല്‍കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ മികച്ച ടെസ്റ്റ് അരങ്ങേറ്റം കുറിച്ച 23-കാരന്‍ ഇതുവരെ മൂന്ന് ടെസ്റ്റുകളും രണ്ട് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റിലെ പ്ലെയര്‍ ഓഫ് ദി മാച്ച് ആയി ജൂറല്‍ തിരഞ്ഞെടുക്കപ്പെട്ടു.

രാഹുലിന്റെ മടങ്ങിവരവാണ് സഞ്ജുവിനെ ഏകദിനത്തില്‍നിന്ന് ഒഴിവാക്കിയതിന് പിന്നിലെന്നാണ് മനസിലാക്കേണ്ടത്. നിരവധി കളിക്കാര്‍ ഒരു സ്ഥാനത്തിനായി മത്സരിക്കുന്നുണ്ടെന്നും നിര്‍ഭാഗ്യവശാല്‍ സഞ്ജുവിന് ഇത്തവണ അവസരം നഷ്ടമാകേണ്ടി വന്നെന്നും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞു.

റിഷഭ് പന്താണ് ഞങ്ങളുടെ പ്രധാന താരം. ഏകദിന ലോകകപ്പില്‍ കെഎല്‍ രാഹുല്‍ മികച്ച പ്രകടനമാണ് നടത്തിയത്. സഞ്ജു സാംസണിന് പുറത്താകേണ്ടി വന്നു. തിരഞ്ഞെടുക്കപ്പെട്ട കളിക്കാര്‍ മികച്ച പ്രകടനം നടത്തേണ്ടിവരും. കാരണം മറ്റുള്ളവര്‍ പട്ടികയില്‍ കാത്തിരിക്കുകയാണ്. ഒരു ടെസ്റ്റ് സീസണ്‍ വരാനിരിക്കുന്നതിനാല്‍ പന്തും രാഹുലും വലിയ പങ്ക് വഹിക്കും- അഗാര്‍ക്കര്‍ പറഞ്ഞു.