'സഞ്ജു സാംസൺ വേറെ ലെവൽ'; ബോളർമാരെ തലങ്ങും വിലങ്ങും എടുത്തിട്ടടി; സൗത്ത് ആഫ്രിക്കൻ ടീമിന്റെ കാര്യത്തിൽ തീരുമാനം ആയെന്ന് ആരാധകർ

ഇന്ത്യൻ ടീമിൽ രോഹിത്ത് ശർമ്മയ്ക്ക് ശേഷം ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന പേര് ലഭിച്ചിരിക്കുന്ന വ്യക്തിയാണ് സഞ്ജു സാംസൺ. ഇപ്പോൾ നടന്ന ബംഗ്ലാദേശ് പര്യടനത്തിൽ തലവരമാറിയ ഏതെങ്കിലും താരമുണ്ടെങ്കിൽ അത് സഞ്ജുവാണ്. അവസാന ടി-20 മത്സരത്തിൽ 47 പന്തിൽ 111 റൺസ് നേടി സെഞ്ച്വറി നേടുന്ന ആദ്യ ടി-20 വിക്കറ്റ് കീപ്പർ എന്ന റെക്കോഡ് അദ്ദേഹം നേടിയെടുത്തു.

ഇനി സഞ്ജു തന്റെ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച വെക്കാൻ പോകുന്നത് അടുത്ത മാസം ആരംഭിക്കുന്ന സൗത്ത് ആഫ്രിക്കൻ ടി-20 പരമ്പരയിലാണ്. അതിന്‌ മുന്നോടിയായി രാജസ്ഥാൻ ക്യാമ്പിൽ എത്തിയ താരം അവിടെ പരിശീലനത്തിലാണ്. രാഹുൽ ദ്രാവിഡും ഒപ്പമുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ അദ്ദേഹത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

ക്ലാസ് ഷോട്ടുകൾക്കും പവർ ഷോട്ടുകൾക്കും ഒരേ സമയം പ്രാധാന്യം നൽകുന്ന പ്രകടനമാണ് അവിടെ കാണാൻ സാധിക്കുന്നത്. ബോളർമാർക്ക് അത്ര നല്ല സമയമല്ല സഞ്ജു കൊടുത്തത്. ഈ ഫോം സൗത്ത് ആഫ്രിക്കയിലെ പര്യടനത്തിലും തുടരാനായാൽ സഞ്ജു ഉടൻ തന്നെ ഏകദിന, ടെസ്റ്റ് ടീമുകളിലേക്ക് സ്ഥിരമായി കാണപ്പെടാൻ സാധിക്കും എന്നാണ് ആരാധകർ വിലയിരുത്തുന്നത്.