തോൽവിക്ക് പിന്നാലെ രാജസ്ഥാൻ താരത്തിന് വമ്പൻ പണി, ശിക്ഷ വിധിച്ച് ബിസിസിഐ

വെള്ളിയാഴ്ച ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2024 ക്വാളിഫയർ 2 മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് സ്പിന്നർ അഭിഷേക് ശർമ്മ പുറത്താക്കിയതിന് ശേഷം സ്റ്റംപ് അടിച്ചു തകർത്തതിന് രാജസ്ഥാൻ റോയൽസ് ബാറ്റ്‌സ്മാൻ ഷിമ്‌റോൺ ഹെറ്റ്‌മെയറിനെ ബിസിസിഐ ശിക്ഷിച്ചു. ഐപിഎൽ പെരുമാറ്റച്ചട്ടം അനുസരിച്ച് ലെവൽ 1 കുറ്റത്തിന് ഹെറ്റ്മെയർ കുറ്റക്കാരനാണെന്ന് കണ്ടെത്തി, കുറ്റം സമ്മതിച്ചതിന് ശേഷം താരത്തിന് മാച്ച് ഫീസിൻ്റെ 10% പിഴ ചുമത്തി.

മെയ് 24ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ക്വാളിഫയർ 2 മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാജസ്ഥാൻ റോയൽസിൻ്റെ ഷിംറോൺ ഹെറ്റ്‌മെയറിന് മാച്ച് ഫീയുടെ 10% പിഴ ചുമത്തിയതായി ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. രണ്ടാം ക്വാളിഫയർ മത്സരത്തിൽ മാച്ച് റഫറിയായിരുന്ന മുൻ ഇന്ത്യൻ താരം ജവഗൽ ശ്രീനാഥാണ് ഹെറ്റ്മയറിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്.

“ഐപിഎൽ പെരുമാറ്റച്ചട്ടത്തിൻ്റെ ആർട്ടിക്കിൾ 2.2 പ്രകാരം ഹെറ്റ്മെയർ ലെവൽ 1 കുറ്റം ചെയ്തു, മാച്ച് റഫറിയുടെ മുന്നിൽ താരം അത് അംഗീകരിക്കുകയും ചെയ്തു. പെരുമാറ്റച്ചട്ടത്തിൻ്റെ ലെവൽ 1 ലംഘനങ്ങൾക്ക്, മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണ്” പ്രസ്താവന ഇങ്ങനെയാണ് പറഞ്ഞത്.

ഐപിഎൽ രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് രാജസ്ഥാൻ റോയൽസിനെതിരെ 36 റൺസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് രാജസ്ഥാന്റെ ഇന്നിംഗ്സ് അവസാനിക്കുക 7 വിക്കറ്റിന് 139 എന്ന നിലയിൽ ആയിരുന്നു. ചെന്നൈ, എം ചിദംബരം സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദിന് ഹെന്റിച്ച് ക്ലാസന്റെ (34 പന്തിൽ 50) ഇന്നിംഗ്‌സാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ട്രാവിസ് ഹെഡ് (28 പന്തിൽ 34), രാഹുൽ ത്രിപാഠി (15 പന്തിൽ 37) നിർണായക സംഭാവന നൽകി. രാജസ്ഥാന് വേണ്ടി ട്രന്റ് ബോൾട്ട്, ആവേശ് ഖാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സന്ദീപ് ശർമ്മ ആകട്ടെ രണ്ട് വിക്കറ്റും നേടി.