നിങ്ങള്‍ അവനെ ടൂറു കൊണ്ടു പോകുന്നതാണോ?; തുറന്നടിച്ച് ആകാശ് ചോപ്ര

സിംബാബ്വെയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ രാഹുല്‍ ത്രിപാഠിയേയും ഋതുരാജ് ഗെയ്ക്വാദിനേയും കളിപ്പിക്കാത്ത ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ആകാശ് ചോപ്ര. ആദ്യ രണ്ട് മത്സരത്തിലും ജയിച്ച് പരമ്പര ഉറപ്പാക്കിയ ഇന്ത്യ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇവര്‍ക്ക് അവസരം നല്‍കുമെന്ന് കരുതിയെങ്കിലും അത് സംഭവിച്ചില്ല.

‘ഈ ഗെയിമില്‍ ഋതുരാജ് ഗെയ്ക്വാദിനെയും രാഹുല്‍ ത്രിപാഠിയെയും കളിപ്പിക്കണമെന്നും എല്ലാവര്‍ക്കും അവസരം നല്‍കണമെന്നും താല്‍പ്പര്യമുള്ളവര്‍ പറഞ്ഞു. പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല. നിങ്ങള്‍ രാഹുല്‍ ത്രിപാഠിയെ തിരഞ്ഞെടുത്തെങ്കിലും അദ്ദേഹത്തിന് അവസരങ്ങള്‍ നല്‍കുന്നില്ല. പിന്നെ എന്തിനാണ് അവനെ നിങ്ങള്‍ തിരഞ്ഞെടുക്കുന്നത്?’

‘ഋതുരാജ് ഗെയ്ക്വാദിന്റെ കഥയും അതുതന്നെയാണ്. നിങ്ങള്‍ ബാറ്റിംഗ് ഓര്‍ഡര്‍ അതേപടി നിലനിര്‍ത്തി – രാഹുലും ശിഖര്‍ ധവാനും ഓപ്പണിംഗ്, ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും സഞ്ജു സാംസണും. ദീപക് ഹൂഡ..’ ചോപ്ര പറഞ്ഞു.

സിംബാവെക്ക് എതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യ 13 റണ്‍സിനാണ് ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറി 130(97) മികവിലാണ് 289 റണ്‍സ് നേടിയത്.

ഇന്ത്യ ഉയർത്തിയ 290 റൺസിന്റെ ലക്‌ഷ്യം പിന്തുടർന്ന സിംബാവേ സെഞ്ചുറി നേടിയ സിക്കന്ദർ റാസയുടെ നേതൃത്വത്തിൽ പൊരുതി നോക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല. ഒരു വശത്ത് വിക്കറ്റുകള്‍ വീണെങ്കിലും എട്ടാം വിക്കറ്റില്‍ ബ്രാഡ് ഇവാന്‍സിനെ കൂട്ടുപിടിച്ച് സികന്ദര്‍ റാസ നേടിയ സെഞ്ചുറി 115(94) ആഫ്രിക്കന്‍ ടീമിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ജയം കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല.

Read more

36ാം ഓവറില്‍ 169ന് 7 വിക്കറ്റ് എന്ന നിലയില്‍ നിന്നായിരുന്നു സിംബാബ്വേയുടെ അവിശ്വസനീയമായ പോരാട്ടം. റാസ-ഇവാന്‍സ് സഖ്യം 79 പന്തില്‍ നിന്ന് 104 റണ്‍സാണ് നേടിയത്.