രോഹിത്തിനെ മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് എത്രയോ നന്നായി, ആരാധകർക്ക് ഇഷ്ടപ്പെട്ട് ഇല്ലെങ്കിലും അതാണ് നല്ലത്; തുറന്നടിച്ച് മുൻ താരം

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 2024 പതിപ്പിന് മുന്നോടിയായി രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ നായകനാക്കി മുംബൈ ഇന്ത്യൻസ് (എംഐ) ശരിയായ തീരുമാനം എടുത്തെന്ന് മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ് അഭിപ്രായപ്പെട്ടു. ഐപിഎൽ 2025 ലെ മെഗാ ലേലത്തിന് മുന്നോടിയായി ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടതിൻ്റെ പേരിൽ ശർമ്മ ടീമിൽ നിന്ന് പോകേണ്ട ആവശ്യമില്ല എന്നും മുൻ ഓസ്‌ട്രേലിയൻ താരം പറഞ്ഞു.

ഇന്ത്യയുടെ ക്യാപ്റ്റൻസി കാരണം ഇതിനകം തന്നെ ഒരുപാട് ഭാരങ്ങൾ ചുമലിലേറ്റുന്ന ശർമ്മയ്ക്ക് ഹാർദിക്കിന് നേതൃസ്ഥാനം ലഭിച്ചത് ഒരു അനുഗ്രഹമാണെന്ന് ഹോഗ് അഭിപ്രായപ്പെട്ടു. തൻ്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ ഇ.

“അതെ രോഹിത് ഇനിയും മുംബൈക്കായി കളിക്കണം. ഹാർദിക് പാണ്ഡ്യ ടീമിൻ്റെ ക്യാപ്റ്റനായി വരുന്നത് നല്ല കാര്യമാണെന്ന് ഞാൻ കരുതുന്നു, കാരണം ഇപ്പോൾ തന്നെ ഒരുപാട് ഉത്തരവാദിത്വങ്ങൾ തലയിൽ എത്തുന്ന രോഹിത്തിന് അതൊരു അനുഗ്രഹമാണ്. കാരണം അവൻ ഇപ്പോൾ തന്നെ ഒരുപാട് സമ്മർദ്ദം അനുഭവിക്കുന്നു. അദ്ദേഹത്തിന് കുറച്ച് റെസ്റ്റ് ആവശ്യമായിരുന്നു. ഹാർദിക് പാണ്ഡ്യയെ ലൈനപ്പിലെത്തിച്ച് മുംബൈ ശരിയായ കാര്യം ചെയ്തുവെന്ന് ഞാൻ കരുതുന്നു.

ഐപിഎല്ലിലെ ആദ്യ ഏഴു വർഷവും ഹാർദിക് പാണ്ഡ്യ എംഐയ്‌ക്കൊപ്പമായിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്. ശേഷം ഗുജറാത്ത് ടൈറ്റൻസിലേക്ക് (ജിടി) മാറി, അവിടെ അദ്ദേഹം അവരെ 2022-ൽ കിരീടനേട്ടത്തിലേക്കും 2023-ൽ റണ്ണേഴ്‌സ്-അപ്പ് കിരീടത്തിലേക്കും നയിച്ചു.

ഐപിഎൽ 2024 ന് തൊട്ടുമുമ്പ് മുംബൈ ഹർദിക്കിനെ ടീമിലെത്തിക്കുക ആയിരുന്നു. അവിടെ സീസൺ അവസാന സ്ഥാനക്കാർ ആയിട്ടാണ് ടീം പോരാട്ടം അവസാനിപ്പിച്ചത്.