ബിജെപിയെയും മോദിയെയും പിന്തുണയ്ക്കുന്നത് അഫ്സല്‍ ഖാനുമായി കൈകോര്‍ക്കുന്നതിന് തുല്യം; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹങ്ങള്‍ തള്ളി സഞ്ജയ് റാവുത്ത്‌

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹങ്ങള്‍ തള്ളി ഉദ്ധവ് ശിവസേന മുഖ്യവക്താവ് സഞ്ജയ് റാവുത്ത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഞ്ജയ് റാവുത്ത് ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു.

മഹാ വികാസ് അഘാഡി (എം.വി.എ.) സഖ്യകക്ഷികളുടെ സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ക്കിടെ തര്‍ക്കങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന എന്‍ഡിഎയിലേക്ക് മടങ്ങിവരുമെന്ന ഭരണകക്ഷിയായ ശിവസേന നേതാവിന്റെ പ്രവചനവും അദ്ദേഹം തള്ളി.

ഇവ ഭരണകക്ഷിയുടെ മാധ്യമ സംവിധാനങ്ങള്‍ പ്രചരിപ്പിക്കുന്ന കിംവദന്ത മാത്രമാണ്. ആരാണ് ഇത് ചെയ്യുന്നതെന്നറിയാം-റാവുത്ത് വ്യക്തമാക്കി. മഹാരാഷ്ട്രയുടെ അഭിമാനം സംരക്ഷിക്കാന്‍ വര്‍ഷങ്ങളായി ഉദ്ധവ് ശിവസേന കഠിനമായി പരിശ്രമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അവിഭക്തശിവസേനയെ തകര്‍ത്ത് അതിന്റെ പേരും തിരഞ്ഞെടുപ്പു ചിഹ്നവും മോഷ്ടിച്ച് 2022 ജൂണില്‍ സംസ്ഥാനത്തിന്റെ ഭരണം ഷിന്ദേയ്ക്ക് കൈമാറിയ ബിജെപിയില്‍ ചേരുന്നതിനുവേണ്ടിയല്ല ഇത്.

ബിജെപിയെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ഷായെയോ പിന്തുണയ്ക്കുന്നത് ബിജാപുര്‍ ആദില്‍ ഷാഹി രാജവംശത്തിന്റെ ജനറല്‍ അഫ്സല്‍ ഖാനുമായി കൈകോര്‍ക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.