ഗൗതം ഗംഭീറിന് തെറ്റിയില്ല. ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തിന് ഇറങ്ങുമ്പോൾ ബാറ്റർമാർക്ക് ഒന്നും ചെയ്യാൻ ആകാത്ത സാഹചര്യം വന്നാലും തന്റെ സ്പിൻ ഇരട്ടകളായ അശ്വിൻ ജഡേജ സഖ്യം സഹായിക്കുമെന്ന് പറഞ്ഞത് ശരിയായി. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യ തുടക്കത്തിലേ തകർച്ചക്ക് ശേഷം തിരിച്ചുവന്നത് അശ്വിൻ- ജഡേജ സഖ്യത്തിന്റെ മികവിൽ. 102 റൺസുമായി അശ്വിൻ തന്റെ വേഗതയേറിയ സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ 86 റൺസുമായി രവീന്ദ്ര ജഡേജയും ഇന്ത്യയെ ട്രാക്കിൽ എത്തിച്ചിരിക്കുന്നു. ദിവസം അവസാനിക്കുമ്പോൾ ഇരുവരും പുറത്താകാതെ ക്രീസിൽ തുടർന്ന് ഇന്ത്യയെ 339 – 6 എന്ന നിലയിൽ എത്തിച്ചു .
ടോസ് നഷ്ടപെട്ട ഇന്ത്യക്ക് കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല പോയത്. രോഹിത് 6 റൺ എടുത്ത് മടങ്ങിയപ്പോൾ ഗിൽ പൂജ്യനായി പുറത്തായി. പ്രതീക്ഷ കാണിച്ചെങ്കിലും കോഹ്ലി 6 റൺസുമായി നിരാശപ്പെടുത്തി മടങ്ങി. ഓപ്പണർ ജയ്സ്വാൾ ആകട്ടെ ക്ലാസ് ശൈലിയിൽ തുടർന്നപ്പോൾ സഹായിക്കാൻ എത്തിയവർക്ക് അധികം ആയുസ് ഉണ്ടായിരുന്നില്ല. ഇടവേളക്ക് ശേഷം തിരിച്ചെത്തിയ പന്ത് 39 റൺ നേടി ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നാൽ 16 റൺ മാത്രം എടുത്ത രാഹുൽ നിരാശപ്പെടുത്തി.
അർദ്ധ സെഞ്ച്വറി നേടി അധികം വൈകാതെ 56 റൺ നേടി ജയ്സ്വാളും മടങ്ങിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് പെട്ടെന്ന് തീരുമെന്ന് തോന്നിച്ചു. സ്പിൻ ഇരട്ടകളായ അശ്വിൻ- ജഡേജ സഖ്യത്തിന് പ്ലാനുകൾ ഉണ്ടായിരുന്നു. ഇരുവരും അറ്റാക്കിങ് രീതിയിലൂടെ തന്നെ കളിച്ച് റൺ ഉയർത്തി. അശ്വിൻ പേസര്‍മാരെയാണ് കൂടുതൽ ആക്രമിച്ചത് എങ്കിൽ ജഡേജ സ്പിന്നര്‍മാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചു..
ചെന്നൈ പിച്ചിൽ അവസാനം നടന്ന ടെസ്റ്റിലും സെഞ്ച്വറി നേടിയ അശ്വിൻ ഇന്നും മോശമാക്കിയില്ല. ബംഗ്ലാ പേസർമാർ ആദ്യ 2 സെക്ഷനിൽ കാണിച്ച പോരാട്ടവീര്യം അശ്വിന്റെ മുന്നിൽ തകർന്നു. ജഡേജ ആകട്ടെ തന്റെ നീണ്ട കാലത്തെ മോശം ഫോമിനോട് വിടപറഞ്ഞ് മനോഹര സ്ട്രോക്കുകൾ കളിച്ചു മുന്നേറി. അതോടൊപ്പം ഇന്ത്യയുടെ ടോപ് ഓർഡർ തകർത്ത ഹസൻ മഹ്മൂദിന്റെ 4 വിക്കറ്റ് പ്രകടനവും എടുത്ത് പറയണം.
Read more
നാളെ 2 സെക്ഷനിൽ പിടിച്ചുനിന്ന് 450 നു മുകളിൽ റൺ നേടുക ആകും ഇന്ത്യൻ ലക്ഷ്യം.