അമ്പടാ കേമാ..., വിരമിക്കല്‍ പ്രഖ്യാപനത്തിലെ അശ്വിന്‍ ബ്രില്ലിയന്‍സ്!

ഒരു വിദേശ പരമ്പരയ്ക്കിടെ പെട്ടെന്നുള്ള വിരമിക്കല്‍ പ്രഖ്യാപനത്തില്‍ അസ്വാഭാവികത ഉണ്ടെന്ന രീതിയിലുള്ള പല അഭിപ്രായങ്ങളും കണ്ടു. പക്ഷെ എനിക്ക് തോന്നുന്നത്, ഒരു അസ്വാഭാവികതയുമില്ലാതെ മറ്റൊരു അശ്വിന്‍ ബ്രില്ലിയന്‍സ് മാത്രമാണ് ഈ വിരമിക്കലിനു പിന്നില്‍ എന്നാണ്.

ഈ പരമ്പരയില്‍ ഒരു സ്പിന്നര്‍ മാത്രമേ പ്ലെയിങ് ഇലവനില്‍ കാണൂ എന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാകില്ലല്ലോ. ഗാബ ടെസ്റ്റിലെ മാച്ച് സേവിങ് ഇന്നിംഗ്‌സിലൂടെ രവീന്ദ്ര ജഡേജ അടുത്ത രണ്ട് കളികളിലും ഏറെക്കുറെ തന്റെ സ്ഥാനം ഉറപ്പിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ ജഡേജയ്ക്ക് കളിക്കാന്‍ കഴിയാതെ വന്നാല്‍ ആദ്യ ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ വാഷിംഗ്ടണ്‍ സുന്ദറിന് ആയിരിക്കും പരിഗണന എന്നതിലും അസ്വാഭാവികതയൊന്നുമില്ല. ചുരുക്കിപറഞ്ഞാല്‍ BGT സീരിസില്‍ തന്റെ റോള്‍ കഴിഞ്ഞു എന്ന് അശ്വിനും തിരിച്ചറിഞ്ഞിരിക്കാം.

പരമ്പര തീരാന്‍ കാത്ത് നില്‍ക്കാതെ ഇടയ്ക്ക് വച്ച് വിരമിച്ചത് ഇഷ്ടപ്പെടാത്തവരും ഉണ്ട്. പക്ഷെ ഈ ‘പെട്ടെന്നുള്ള’ കളി നിര്‍ത്തലും ഉചിതമായ തീരുമാനം തന്നെ. അടുത്ത ടെസ്റ്റിന് ശേഷമോ പരമ്പരയ്ക്ക് ശേഷമോ വിരമിക്കും എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ അടുത്ത ടീം സെക്ഷന്‍ ക്യാപ്റ്റനും മാനേജ്‌മെന്റിനും ഒരു ആശയക്കുഴപ്പം ഉണ്ടാക്കും എന്നുറപ്പാണ്. വിരമിക്കല്‍ മത്സരത്തിനെക്കുറിച്ചുള്ള ചര്‍ച്ചകളും ചിന്തകളും ഒരു പക്ഷെ ടീം കോമ്പിനേഷന്‍ മാറ്റപ്പെടാനും പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്താനും ഇടയാക്കും എന്ന് അശ്വിന്‍ ആശങ്കപ്പെട്ടിട്ടുണ്ടാകാം.

ഹോം കണ്ടിഷനില്‍ അശ്വിന്‍ ഇപ്പോഴും ഒരു മാച്ച് വിന്നര്‍ ആണെന്നതില്‍ തര്‍ക്കമില്ല. പക്ഷെ അടുത്ത ഹോം ടെസ്റ്റിന് ആറുമാസത്തെ കാത്തിരിപ്പുണ്ടെന്നതും കിവീസിനെതിരെയുള്ള ഹോം സീരിസില്‍ കാര്യമായ ഇമ്പാക്ട് ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന ഫാക്ടും പരിഗണിക്കുമ്പോള്‍ വിരമിക്കാന്‍ BGT സീരിസ് തെരഞ്ഞെടുത്തതില്‍ അതിശയോക്തി കാണേണ്ട കാര്യമില്ല.

നിരവധി ഐതിഹാസിക നേട്ടങ്ങള്‍ കരസ്ഥമാക്കിയ അശ്വിന്റെ കരിയറിലെ അപൂര്ണതയായി തോന്നുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍സി അദ്ദേഹത്തെ തേടിയെത്തിയില്ല എന്നതാണ്. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ബുദ്ധികൊണ്ടും ടീം ഇന്ത്യയെ ഏറെ വിജയങ്ങളിലേക്ക് നയിച്ച അശ്വിന്‍ തീര്‍ച്ചയായും ടെസ്റ്റില്‍ നായക പദവി അര്‍ഹിച്ചിരുന്നു. Happy retirement അശ്വിന്‍..

എഴുത്ത്: ശങ്കര്‍ ദാസ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍