ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെ മലത്തിയടിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന് ക്രിക്കറ്റ് ലോകത്തിന്റെ കൈയടി നേടി. ഒന്നാം ഇന്നിംഗ്സിലെ തന്റെ ആറാം ടെസ്റ്റ് സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സിലെ ആറ് വിക്കറ്റ് നേട്ടവും ഉള്‍പ്പെടെയുള്ള ഓള്‍റൗണ്ട് പ്രകടനത്തിന് അശ്വിന് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടി. ഈ മിന്നും പ്രകടനത്തിനിടയിലും ഇംഗ്ലണ്ട് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍ക്ക് ആശ്വിന് ഇന്ത്യയിലെ മാത്രം ബെസ്റ്റ് സ്പിന്നറാണ്.
മികച്ച സ്പിന്നറായി ഞാന്‍ ലിയോണെയാവും തിരഞ്ഞെടുക്കുക. അവനാണ് അശ്വിനെക്കാള്‍ മികച്ച ബോളര്‍. അശ്വിന് ഇന്ത്യയില്‍ മികച്ച ബോളറാണ്. ബാറ്ററെപ്പോലെ ചിന്തിച്ച് പന്തെറിയാന്‍ അശ്വിന് കഴിവുണ്ട്. ബാറ്ററുടെ ദൗര്‍ബല്യം മുതലാക്കി പന്തെറിയാന്‍ കഴിവുള്ള താരമാണ് അശ്വിന്. അതാണ് അശ്വിന്റെ മികവ്- പനേസര്‍ പറഞ്ഞു.
പനേസറുടെ നീരീക്ഷണത്തെ വെറുതെ തള്ളിക്കളയാനാവില്ല. വിദേശ പരമ്പരകളില്‍ ഇന്ത്യ അശ്വിനെ പിന്തുണക്കുന്നത് കുറവാണ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ സെന രാജ്യങ്ങളില്‍ ഇന്ത്യ കൂടുതല്‍ പിന്തുണക്കുന്നത് രവീന്ദ്ര ജഡേജയെയാണ്. എന്നാല്‍ സ്പിന്നിന് മുന്‍തൂക്കമുള്ള ഇന്ത്യ, ശ്രീലങ്ക പിച്ചുകളില്‍ അശ്വിനാണ് മുന്‍ഗണന.