ഓസീസിനെ വീണ്ടും തകര്‍ത്ത് ഇംഗ്ലീഷ് പ്രതികാരം

ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തിലും ഇംഗ്ലണ്ടിന് വിജയം. ഓസട്രേലിയയെ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് തോല്‍പിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓസീസ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ സെഞ്ച്വറി പാഴായി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 270 റണ്‍സാണ് സ്വന്തമാക്കിയത്. ആരോണ്‍ ഫിഞ്ച് 114 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതമാണ് 106 റണ്‍സ് എടുത്തത്. മറ്റാര്‍ക്കും ഓസീസ് നിരയില്‍ കാര്യമായ സംഭാവന നല്‍കാനായില്ല.

ഡേവിഡ് വാര്‍ണര്‍ 35ഉം ഷോണ്‍ മാര്‍ഷ് 36ഉം റണ്‍സെടുത്തു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജോറൂട്ടും റാഷിദുമാണ് ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 44.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അനായാസം വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ബ്രിസ്ത്രയും ഹെയ്ല്‍സും അര്‍ ധെസഞ്ച്വറി നേടി. ബ്രിസ്‌ത്രെ 56 പന്തില്‍ 60ഉം ബെയ്ല്‍സ് 60 പന്തില്‍ 57 റണ്‍സും എടുത്തു. ബട്ട്‌ലര്‍ 42 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജോറൂട്ട് 46 റണ്‍സുമായി പുറത്താകാതെ നിന്നു.

ഓസ്‌ട്രേലിയക്കായി സ്റ്റാര്‍ക്ക് നാലും റിച്ചാര്‍ഡസണ്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിനാണ് തകര്‍ത്തത്. ഇതോടെ പരമ്പര 2-0ത്തിന് ഇംഗ്ലണ്ട് മുന്നിലെത്തി. 21ന് സിഡ്‌നിയിലാണ് അടുത്ത മത്സരം.