ചരിത്രനേട്ടത്തിന് ബംഗ്ലാദേശിന് മുമ്പില്‍ ഒരു ദിവസം, രചിന്‍ രവീന്ദ്രയ്ക്ക് വീണ്ടും ഹീറോയാകാനുള്ള അവസരം

ന്യൂസിലാന്‍ഡ്- ബംഗ്ലാദേശ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരത്തില്‍ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ച ബംഗ്ലാദേശിന് കിവികളുടെ മണ്ണില്‍വെച്ച് തന്നെ അവരെ കീഴടക്കി ചരിത്രനേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

നാലാം ദിനം കളി അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. 17 റണ്‍സിന്റെ മാത്രം ലീഡാണ് ആതിഥേയര്‍ക്ക് ഉള്ളത്. ഒരു ദിവസം കൂടി ശേഷിക്കെ അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് കിവീസിന് ബാക്കിയുള്ളത്. 37 റണ്‍സോടെ റോസ് ടെയ്‌ലറും ആറ് റണ്‍സോടെ രചിന്‍ രവീന്ദ്രയുമാണ് ക്രീസില്‍.

Image

ശേഷിക്കുന്ന ന്യൂസിലന്‍ഡ് വിക്കറ്റുകള്‍ ഏറ്റവും കുറഞ്ഞ ഓവറില്‍ വീഴ്ത്തിയ ശേഷം ലക്ഷ്യം മറികടക്കുകയാകും ബംഗ്ലാദേശിന്റെ ലക്ഷ്യം. ഇതിനെ മറികടക്കുക എന്ന വമ്പന്‍ ചുമതലയാണ് ടെയ്‌ലറിന്റെ തലയിലുള്ളത്. 101 ബോളുകള്‍ ഇതിനോടകം ടെയ്‌ലര്‍ നേരിട്ട് കഴിഞ്ഞു.

Image

നേരത്തെ ന്യൂസിലാന്‍ഡിന്റെ ആദ്യ ഇന്നിംഗ്സ് സ്‌കോറായ 328 പിന്തുടര്‍ന്ന ബംഗ്ലാദേശ് 458 റണ്‍സ് എടുത്ത് ഓള്‍ഔട്ട് ആകുകയായിരുന്നു. ബംഗ്ലാദേശിനുവേണ്ടി മഹ്‌മുദുള്‍ ഹസന്‍ ജോയ്, നജീമുള്‍ ഹുസൈന്‍ ഷാന്റോ, നായകന്‍ മോനിമുള്‍ ഹഖ്, ലിട്ടണ്‍ ദാസ് എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറികളുമായി തിളങ്ങി.