ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും ടീം ഇന്ത്യയ്‌ക്കൊപ്പം ബേസില്‍ തമ്പി

ശ്രീലങ്കയ്‌ക്കെതിരെ ടി20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരള പേസ് ബൗളര്‍ ബേസില്‍ തമ്പിയെ തേടി മറ്റൊരു നേട്ടം കൂടി. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നെറ്റ്‌സില്‍ ടീം ഇന്ത്യയ്ക്കായി പന്തെറിയാന്‍ മലയാളി താരത്തെ ഉള്‍പ്പെടുത്തി.

ബേസിലിനെ കൂടാതെ ഹൈദരാബാദ് യുവപേസ് ബൗളര്‍ മുഹമ്മദ് സിറാജും മധ്യപ്രദേശില്‍ നിന്നുള്ള ഭാവി പ്രതീക്ഷ അവേഷ് ഖാന്‍, ഡല്‍ഹിയുടെ നവ്ദീപ് സൈനി എന്നിവരാണ് ടീം ഇന്ത്യയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് പോകുക. ദക്ഷിണാഫ്രിക്കയിലെ പേസ് ബൗളിംഗിനെ തുണക്കുന്ന പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പരിശീലനം നല്‍കുക എന്നതായിരിക്കും ബേസിലടക്കമുളള യുവതാരങ്ങളുടെ ചുമതല.

ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പേസ് ബൗളിംഗ് ഡിപ്പാര്‍ട്ടുമെന്റിനെ നയിക്കാനുളള പുതിയ തലമുറ ആരെന്ന വ്യക്തമാക്കുക കൂടിയാണ് ബിസിസിഐ.

രഞ്ജി ട്രോഫിയിലടക്കം മികച്ച പ്രകടനം നടത്തിയതാണ് ബേസില്‍ അടക്കമുള്ളവര്‍ക്ക് തുണയായത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഏതെങ്കിലും ഫാസ്റ്റ് ബൗളര്‍ക്ക് പരിക്കേറ്റാല്‍ ഈ നാലു പേരില്‍ ഒരാളാകും ടീമിലെത്തുക.

അതെസമയം ബേസിലിന്റെ പരിക്കിനെ കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഫില്‍ഡിങ്ങിനിടെ സഹതാരമായ സന്ദീപ് വാരിയരുടെ ത്രോ അബദ്ധത്തില്‍ ബേസിലിന്റെ ഇടതു കാല്‍മുട്ടില്‍ കൊള്ളുകയായിരുന്നു. തുടര്‍ന്ന് രണ്ട്ാം ഇന്നിംഗ്‌സില്‍ എട്ട് ഓവര്‍ മാത്രമാണ് ബേസില്‍ എറിഞ്ഞത്.