ലോകകപ്പ് നേട്ടം മറന്ന് ബിസിസിഐ, സൂപ്പർതാരത്തെ തഴഞ്ഞ് ഇന്നലെ കണ്ടവനൊപ്പം; ആരാധകർ ഇത് പൊറുക്കുമോ?

രോഹിത് ശർമ്മ ടി20യിൽ നിന്ന് വിരമിച്ചെങ്കിലും ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയെ നയിക്കുന്നത് തുടരും. ടി 20 ഫോർമാറ്റിൽ സൂര്യകുമാർ യാദവ് രോഹിത്തിന് പകരം ഇന്ത്യയെ നയിക്കുമ്പോൾ വൈറ്റ്-ബോൾ ഫോർമാറ്റുകളിൽ പുതിയ വൈസ് ക്യാപ്റ്റൻ ആയ ശുഭ്മാൻ ഗിൽ അദ്ദേഹത്തെ സഹായിക്കും. ഗില്ലിൻ്റെ സ്ഥാനക്കയറ്റം കണക്കിലെടുത്ത് ഭാവി നേതാവായി അദ്ദേഹത്തെ നോക്കി കാണാം. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ടെസ്റ്റ് ഫോർമാറ്റിലും അദ്ദേഹത്തെ രോഹിതിൻ്റെ ഡെപ്യൂട്ടി ആയി നിയമിക്കാൻ സെലക്ടർമാർ ആലോചിക്കുന്നു.

ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനുമെതിരെ നടന്ന രണ്ട് ടെസ്റ്റ് പരമ്പരകളിലും ജസ്പ്രീത് ബുംറയായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. കെ എൽ രാഹുലും ഋഷഭ് പന്തും മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും തീരുമാനങ്ങൾ എടുക്കുന്നവർ ബുംറയെ ഒഴിവാക്കാൻ സാധ്യതയുണ്ട്. ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൻ്റെ പുതിയ വൈസ് ക്യാപ്റ്റനായി ബുംറയ്ക്ക് പകരം ഗിൽ എത്തുമെന്ന് ബിസിസിഐ വൃത്തങ്ങൾ സ്ഥിരീകരിച്ചതായി റെവ്സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ഓപ്പണിംഗ് ടെസ്റ്റ് സെപ്റ്റംബർ 19 ന് ചെന്നൈയിലും രണ്ടാം മത്സരം സെപ്റ്റംബർ 27 ന് നാഗ്പൂരിലും നടക്കും.

ന്യൂസിലൻഡിനെതിരായ ഹോം ടെസ്റ്റ് പരമ്പരയിലും ബോർഡർ-ഗവാസ്‌കർ പരമ്പരയിലും ഗിൽ രോഹിതിൻ്റെ ഡെപ്യൂട്ടി ആയി പ്രവർത്തിക്കും. ഒരു ഓൾ ഫോർമാറ്റ് കളിക്കാരനെയാണ് വൈസ് ക്യാപ്റ്റൻ ആക്കാൻ മാനേജ്‌മെൻ്റ് ആഗ്രഹിക്കുന്നതെന്നും ഗില്ലിന് അത് തികച്ചും അനുയോജ്യമാണെന്നും ചീഫ് സെലക്ടർ അജിത് അഗാർക്കർ പറഞ്ഞു.

“ഗിൽ ഒരു മൂന്ന് ഫോർമാറ്റ് കളിക്കാരനാണ്, അടുത്ത കാലത്ത് അദ്ദേഹം മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്. ഡ്രസ്സിംഗ് റൂമിൽ നിന്ന് അദ്ദേഹത്തെക്കുറിച്ച് ഞങ്ങൾക്ക് നല്ല അഭിപ്രായം ലഭിച്ചു,” അഗാർക്കർ പറഞ്ഞു.