ബിസിസിഐ പുതുക്കിയ വാര്‍ഷിക കരാറുകള്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. കരാറിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍, മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ എന്നിവരുടെ അസാന്നിധ്യമാണ് ഏവരെയും ഞെട്ടിച്ചത്. ദേശീയ ടീമില്‍ കളിക്കാത്ത അവസരത്തില്‍ രഞ്ജി ട്രോഫി കളിക്കണം എന്ന നിര്‍ദേശം പാലിക്കാതിരുന്നതിനാണ് ഇരുവര്‍ക്കുമെതിരെ നടപടിയെന്നോണം വാര്‍ഷിക കരാറുകളില്‍നിന്നും പുറത്താക്കിയത്.
ദേശീയ ടീമിലെ ഇവരുടെ അസാന്നിധ്യം മുതലാക്കി മികച്ച പ്രകടനം പുറത്തെടുത്ത് തിളങ്ങിയ യുവതാരങ്ങളാണ് സര്‍ഫറാസ് ഖാനും ധ്രുവ് ജുറെലും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലാണ് ഇരുവരും അരങ്ങേറിയത്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സര്‍ഫറാസ് രണ്ട് ഇന്നിംഗ്‌സുകളിലും അര്‍ധസെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ കളിച്ച രണ്ടാം മത്സരത്തില്‍ തന്നെ കളിയിലെ താരമായി ധ്രുവ് ജുറെലും വരവറിയിച്ചു. എന്നാല്‍ ഇരുവരും ബിസിസിഐ കരാറില്‍ ഉള്‍പ്പെട്ടില്ല.
ബിസിസിഐ സെന്‍ട്രല്‍ കോണ്‍ട്രാക്ട് ലഭിക്കുന്നതിനുള്ള നിബന്ധനയനുസരിച്ച് ദേശീയ ടീമിനായി കുറഞ്ഞത് മൂന്ന് ടെസ്റ്റോ, എട്ട് ഏകദിനമോ, 10 ടി20 മത്സരങ്ങളോ താരങ്ങള്‍ കളിച്ചിരിക്കണം. ഈ ക്രൈറ്റീരിയ പൂര്‍ത്തിയാക്കിയാല്‍ താരങ്ങള്‍ക്ക് ഓട്ടോമാറ്റിക്കായി സി ഗ്രേഡ് കരാര്‍ ലഭിക്കും.
Read more
സര്‍ഫറാസും ജുറെലും കരിയറില്‍ ഇതുവരെ രണ്ട് ടെസ്റ്റുകളില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. എന്നാല്‍ ധരംശാലയില്‍ മാര്‍ച്ച് ഏഴിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ കളിച്ചാല്‍ ധ്രുവ് ജുറെലിനും സര്‍ഫറാസ് ഖാനും സ്വാഭാവികമായും കരാര്‍ ലഭിക്കും.