കുരുക്ക് മുറുക്കാൻ ബിസിസിഐ, ഇനി പഴയത് പോലെ എളുപ്പമല്ല കാര്യങ്ങൾ; താരങ്ങൾക്കും പരിശീലകനും ഉള്ള നിയന്ത്രണങ്ങൾ ഇങ്ങനെ

2024-25 ലെ ഇന്ത്യയുടെ മോശം ടെസ്റ്റ് കാമ്പെയ്‌നിൻ്റെ പശ്ചാത്തലത്തിൽ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ചില കടുത്ത നിയമങ്ങൾ അവതരിപ്പിക്കാൻ നോക്കുന്നതായി റിപ്പോർട്ട്. ഇതുവരെ, കളിക്കാരുടെ കുടുംബങ്ങൾ, പ്രത്യേകിച്ച് അവരുടെ ഭാര്യമാരൊക്കെ താരങ്ങളെ പര്യടന സമയത്ത് കൂടെ അനുഗമിച്ചിരുന്നു. ഇപ്പോഴിതാ ഒരു റിപ്പോർട്ട് അനുസരിച്ച്, വിദേശ പര്യടനങ്ങളിലെ കളിക്കാരുടെ പ്രകടനം അവർ കുടുംബത്തോടൊപ്പം ദീർഘനേരം താമസിച്ചാൽ പ്രതികൂലമായി ബാധിക്കുമെന്ന് ബിസിസിഐ കരുതുന്നു. അതിനാൽ, കളിക്കാരുമൊത്തുള്ള കുടുംബങ്ങളുടെ സമയം പരിമിതപ്പെടുത്തിക്കൊണ്ട് 2019-ന് മുമ്പ് നിലനിന്നിരുന്ന ഒരു നിയമം വീണ്ടും അവതരിപ്പിക്കാൻ ബോർഡ് ആഗ്രഹിക്കുന്നു.

ദൈനിക് ജാഗരണിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, 45 ദിവസത്തെ പര്യടനത്തിൽ കുടുംബങ്ങളെ, പ്രത്യേകിച്ച് ഭാര്യമാരെ, കളിക്കാരോടൊപ്പം രണ്ടാഴ്ചത്തേക്ക് മാത്രമേ താമസിക്കാൻ ബിസിസിഐ അനുവദിക്കൂ. മാത്രമല്ല, ഓരോ കളിക്കാരനും ടീമിലെ മറ്റ് അംഗങ്ങൾക്കൊപ്പം ടീം ബസിൽ യാത്ര ചെയ്യേണ്ടതുണ്ട്. ഒറ്റയ്ക്കുള്ള യാത്രയും ബോർഡ് നിരുത്സാഹപ്പെടുത്തും.

മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനും പരിശീലകൻ ഗൗരവ് അറോറയ്ക്കുമെതിരെ ബിസിസിഐ കടുത്ത വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഗംഭീറിൻ്റെ മാനേജരെ ടീം ഹോട്ടലിൽ താമസിക്കാൻ അനുവദിക്കില്ല, സ്റ്റേഡിയങ്ങളിലെ വിഐപി ബോക്‌സിൽ ഇരുത്താനും അനുവദിക്കില്ല. ടീം ബസിലോ അതിനു പിന്നിലുള്ള ബസിലോ ഗംഭീറിനെ അനുഗമിക്കാൻ മാനേജരെ അനുവദിക്കില്ല.

വിമാനയാത്രയ്ക്കിടെ 150 കിലോഗ്രാമിൽ കൂടുതലുള്ള കളിക്കാരുടെ ലഗേജിന് പണം നൽകുന്നതിൽ നിന്ന് ബിസിസിഐ വിട്ടുനിൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ചെലവ് സ്വയം വഹിക്കാൻ കളിക്കാരോട് ആവശ്യപ്പെടും. ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ്മ, മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, സെലക്ഷൻ കമ്മിറ്റി ചീഫ് അജിത് അഗാർക്കർ എന്നിവർ ബിസിസിഐയുടെ പുതിയ ചുമതലയുള്ള സെക്രട്ടറിയും ട്രഷററും ഉൾപ്പെടെയുള്ള ഉന്നത മേധാവികളുമായി കൂടിക്കാഴ്ച നടത്തി.