പുതുതായി ഒന്നും പരീക്ഷിക്കുന്നില്ല; ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിജയിക്കുന്നതിന് കാരണം പഴയ രീതിയെന്ന് രാകേഷ് റോഷൻ

സൗത്ത് ഇന്ത്യൻ സിനിമകളിൽ പുതുതായി ഒന്നും പരീക്ഷിക്കുന്നില്ലെന്ന് ബോളിവുഡ് സംവിധായകൻ രാകേഷ് റോഷൻ. പഴയ രീതിയിൽ തന്നെ തുടരുന്നത് കൊണ്ടാണ് ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിജയിക്കുന്നതെന്നും രാകേഷ് റോഷൻ പറഞ്ഞു. എന്നാൽ ബോളിവുഡ് സിനിമകൾ മാറ്റങ്ങൾ കൊണ്ട് വരുന്നുണ്ടെന്നും രാകേഷ് റോഷൻ പറഞ്ഞു.

സൂമിന് നൽകിയ അഭിമുഖത്തിലാണ് രാകേഷ് റോഷന്റെ പ്രതികരണം. ‘കഹോ നാ…പ്യാർ ഹേ’ സിനിമയ്ക്ക് ശേഷം താൻ റൊമാന്‍റിക് ചിത്രങ്ങൾ ചെയ്തില്ലെന്നും രാകേഷ് റോഷൻ പറഞ്ഞു. വ്യത്യസ്തമായ സിനിമകളാണ് ചെയ്തത് ഇത്തരം വെല്ലുവിളികൾ ഏറ്റെടുക്കാൻ സൗത്ത് സിനിമാ പ്രവർത്തകർ തയ്യാറല്ലെന്നും രാകേഷ് റോഷൻ പറഞ്ഞു.

‘പാട്ട്, ആക്ഷൻ, ഡയലോഗ്, ഇമോഷൻ എന്നിവ ചേര്‍ന്ന പഴയ രീതിയാണ് സൗത്ത് സിനിമകള്‍ പിന്തുടരുന്നത്. ഇതാണ് സൗത്ത് സിനിമകൾ വിജയിക്കാൻ കാരണം. ടെക്‌നിക്കലി അവിടെ മാറ്റങ്ങളും പുരോഗമനവും സംഭവിക്കുന്നുണ്ടെങ്കിലും കഥ പറയുന്ന രീതികള്‍ പഴയ പടി തുടരുകയാണ്. എന്നാൽ ബോളിവുഡ് സിനിമകൾ അങ്ങനെ അല്ല. മാറ്റങ്ങൾ കൊണ്ട് വരുന്നതിൽ ബോളിവുഡ് സിനിമകൾ മുന്നിട്ടു നിൽക്കുന്നുവെന്നും രാകേഷ് റോഷൻ പറഞ്ഞു.