BGT 2024-25: "അവന്മാർ ആര് വേണേലും എറിയട്ടെ, ഞങ്ങൾ ബോളറെയല്ല ബോളിനെയാണ് നോക്കുന്നത്"; ശുഭ്മാൻ ഗില്ലിന്റെ വാക്കുകൾ ഇങ്ങനെ

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെക്കുന്നത്. അഡ്ലെയ്ഡ് ഓവലില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം തോറ്റതോടെ പരമ്പര 1-1ന് സമനിലയിലാണ്. അതിനാല്‍ ഡിസംബര്‍ 14 ശനിയാഴ്ച മുതല്‍ ബ്രിസ്ബേനിലെ ഗാബയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ വലിയ തിരിച്ചുവരവാണ് ടീം ഇന്ത്യ പ്രതീക്ഷിക്കുന്നത്. മത്സരത്തിന് മുന്നോടിയായി, പരമ്പരയും അവരുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും നോക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന് ജയം അനിവാര്യമാണ്.

ഇന്ത്യൻ യുവ താരം ശുഭ്മാൻ ഗിൽ മൂന്നാം ടെസ്റ്റ് മത്സരത്തെ കുറിച്ച് സംസാരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു കൂട്ടമായി ടീം വെല്ലുവിളികളെ സ്വീകരിക്കും എന്നാണ് അദ്ദേഹം അഭിപ്രയപെടുന്നത്.

ശുഭ്മാൻ ഗിൽ പറയുന്നത് ഇങ്ങനെ:

“അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷമുളള അടുത്ത ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സ് മുതൽ ബാറ്റിംഗിൽ ഒരുമിച്ച് വെടിക്കെട്ട് നടത്തുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. കഴിഞ്ഞ തവണത്തെ ബോർഡർ ഗവാസ്കർ ട്രോഫി വിജയിച്ചില്ലായിരുന്നെങ്കിൽ ഞങ്ങൾ ഭയപ്പെട്ടേനെ. പക്ഷെ ഞങ്ങളാണ് വിജയിച്ചത്. നിലവിലുള്ള തലമുറയും ഇനി അങ്ങോട്ടുള്ള തലമുറയും ആരാണ് ബൗൾ ചെയ്യുന്നതെന്ന് നോക്കില്ല മറിച്ച് ബോളിനെ മാത്രമാണ് നോക്കുക” ശുഭ്മാൻ ഗിൽ പറഞ്ഞു.

അടുത്ത മത്സരങ്ങൾ ഇന്ത്യക്ക് വളരെ നിർണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കണം. രോഹിത് ശർമ്മയ്ക്കും കൂട്ടർക്കും ഫൈനലിലേക്കുള്ള ടിക്കറ്റ് ലഭിക്കും എന്ന വിശ്വാസത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.