വമ്പൻ ഷോക്ക്, രണ്ട് ഇന്ത്യൻ സൂപ്പർ താരങ്ങൾ ബോർഡർ-ഗവാസ്‌കർക്ക് ശേഷം വിരമിക്കും; ഇത് അപ്രതീക്ഷിതം

2024-25-ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായി ഇന്ത്യ തയ്യാറെടുക്കുമ്പോൾ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്, വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും ടെസ്റ്റ് ക്രിക്കറ്റിലെ ഭാവിയെക്കുറിച്ചുള്ള പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

അടുത്ത കാലത്ത് സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ പരമ്പര ദയനീയമായി പരാജയപ്പെട്ടിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര വിരാടിൻ്റെയും രോഹിതിൻ്റെയും അവസാന ഓസ്‌ട്രേലിയൻ പര്യടനമായേക്കാമെന്ന് ക്ലാർക്ക് അഭിപ്രായപ്പെട്ടു. വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ന്യൂസിലൻഡിനെതിരെ ചേർന്ന് ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 184 റൺസ് മാത്രമാണ് കിവീസിനെതിരെ നേടിയത്.

ഇരുത്തരങ്ങളും അതിദയനീയമായി പരാജയപ്പെട്ടത് ഇന്ത്യ തോൽക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നായി മാറിയിരുന്നു. പെർത്ത് ടെസ്റ്റിന് മുന്നോടിയായി, ടെസ്റ്റ് പരമ്പരയിൽ സീനിയർ ബാറ്റർമാർ പരാജയപ്പെട്ടത് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ പ്രേരിപ്പിച്ചേക്കാമെന്ന് മൈക്കൽ ക്ലാർക്ക് അവകാശപ്പെട്ടു.

പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസിൽവുഡ് എന്നിവരടങ്ങിയ ഓസ്‌ട്രേലിയയുടെ കിടിലൻ പേസ് അറ്റാക്കിൽ ഇന്ത്യയുടെ സൂപ്പർതാരങ്ങൾ എങ്ങനെ കളിക്കുമെന്നാണ് ആരാധകർ കാത്തിരുന്ന് കാണുന്നത് . എന്നിരുന്നാലും, കോഹ്‌ലിയും രോഹിതും ഓസ്‌ട്രേലിയൻ സാഹചര്യങ്ങൾക്ക് നന്നായി യോജിക്കുന്നവരാണെന്നും വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ അവർ പരാജയപ്പെടുമെന്ന് കരുതുന്നില്ലെന്നും ക്ലാർക്ക് പറഞ്ഞു.

ഫാസ്റ്റ് ബൗളിംഗ് നേരിടുന്നതിൽ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് രോഹിത് ശർമ്മയെന്ന് ക്ലാർക്ക് പരാമർശിച്ചു. തുടക്കം മുതൽ ആക്രമിച്ചു കളിക്കാനുള്ള രോഹിത് മൂഡ് എതിരാളിക്ക് ഭീഷണിയാകാൻ സാധ്യതയുണ്ട്.