മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ ഇന്ത്യയുടെ ലീഡ് പേസർ ജസ്പ്രീത് ബുംറയുടെയും സീനിയർ ബാറ്റർ വിരാട് കോഹ്‌ലിയുടെയും പ്രകടനമായിരിക്കും വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയുടെ വിജയത്തിൻ്റെ താക്കോൽ എന്ന് പറഞ്ഞിരിക്കുകയാണ്. ഏറ്റവും മികച്ച ടെസ്റ്റ് പരമ്പരകളിൽ ഒന്നായിരിക്കും ഇത്തവണത്തെ ടൂർണമെന്റ് എന്നും വോൺ പറഞ്ഞു.
നവംബർ 22 മുതൽ ജനുവരി 7 വരെ അഞ്ച് ടെസ്റ്റുകളിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. പെർത്തിൽ ആരംഭിക്കുന്ന പരമ്പര പുതുവർഷത്തിൽ സിഡ്‌നിയിൽ നടക്കുന്ന അവസാന ടെസ്റ്റോടെ അവസാനിക്കും. കഴിഞ്ഞ രണ്ട് എവേ മത്സരങ്ങളിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഹാട്രിക് വിജയമാണ് ലക്ഷ്യമിടുന്നത്.
വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് സംസാരിക്കവെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ വോ ഇന്ത്യയുടെ തുറുപ്പുചീട്ടുകളായി ബുംറയെയും കോഹ്‌ലിയെയും തിരഞ്ഞെടുത്തു. അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“രണ്ട് മികച്ച ടീമുകൾ ഏറ്റുമുട്ടുന്ന മികച്ച പരമ്പരകളിൽ ഒന്നായിരിക്കും ഇത്. ശക്തമായ ബൗളിംഗ് ആക്രമണമുള്ളതിനാൽ ഓസ്‌ട്രേലിയയിൽ ഇന്ത്യയ്ക്ക് വിജയിക്കാനുള്ള മികച്ച അവസരം ഇത്തവണയും ഉണ്ട്. ബുംറ, സിറാജ്, ഷമി എന്നിവരോടൊപ്പം അവർക്ക് മികച്ച പേസ് ആക്രമണമുണ്ട്. ജഡേജ, അശ്വിൻ, കുൽദീപ് തുടങ്ങി നിരവധി മികച്ച സ്പിന്നർമാരും അവർക്കുണ്ട്. എന്നാലും ജസ്പ്രീത് ബുംറയുടെയും വിരാട് കോഹ്‌ലിയുടെയും പ്രകടനം തന്നെ ആയിരിക്കും ഏറ്റവും നിർണായകം.”
“ബുംറ ഒരു മികച്ച ബൗളറാണ്, അവൻ കൂടുതൽ വിക്കറ്റുകൾ നേടുന്തോറും ഇന്ത്യ പരമ്പര നേടാനുള്ള സാധ്യത കൂടുതലാണ്. എവേ സാഹചര്യങ്ങളിൽ വിരാടിൻ്റെ പ്രകടനം നമ്മൾ പല തവണ കണ്ടു. ഇന്ത്യൻ ബാറ്റിംഗ് അവനെ ആശ്രയിച്ചിരിക്കുന്നു, അതിനാൽ അദ്ദേഹം ആയിരിക്കും പരമ്പരയിൽ ഇന്ത്യ ആശ്രയിക്കുന്ന താരമാണ്. എന്നിരുന്നാലും , ശക്തമായ ബൗളിംഗ് ആക്രമണമുള്ള ഓസ്‌ട്രേലിയയും മികച്ച ടീമാണ്, അതിനാൽ ഉയർന്ന നിലവാരമുള്ള രണ്ട് ടീമുകളുള്ള ഇത് ഒരു മികച്ച പരമ്പരയായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”മുൻ താരം പറഞ്ഞു.
Read more
2018-19 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ ഓസ്‌ട്രേലിയയിൽ ഓസ്‌ട്രേലിയയെ 2-1 ന് തോൽപ്പിക്കുകയും 2020-21 ലും അതേ മാർജിനിൽ വിജയം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.