ചാമ്പ്യന്‍സ് ട്രോഫി: ടൂര്‍ണമെന്‍റ് ടി20 ഫോര്‍മാറ്റില്‍ നടത്താന്‍ പദ്ധതിയിട്ട് ഐസിസി

ചാമ്പ്യന്‍സ് ട്രോഫി 2025 നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. മത്സരത്തിന്റെ ഷെഡ്യൂളിംഗിനെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടുമില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) സ്ഥിതിഗതികള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ച് ഇപ്പോഴും ചര്‍ച്ചകളിലാണ്.

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാന്‍ ഒരു ഹൈബ്രിഡ് മോഡലിന് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഐസിസി ഇതുവരെ ഒന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, നിലവിലെ ഈ കാലതാമസം ചാമ്പ്യന്‍സ് ട്രോഫി സാധാരണ ഏകദിന ഫോര്‍മാറ്റില്‍നിന്ന് ഒരു ടി20 ഫോര്‍മാറ്റിലേക്ക് മാറ്റാന്‍ ഐസിസിയെ പ്രേരിപ്പിച്ചേക്കുമെന്ന് അറിയുന്നു.

ക്രിക്കറ്റ് പാകിസ്ഥാന്‍ പറയുന്നതനുസരിച്ച്, ചാമ്പ്യന്‍സ് ട്രോഫി പ്രതിസന്ധിയെക്കുറിച്ച് ഐസിസിയുമായും ബിസിസിഐയുമായും ചര്‍ച്ച നടത്താന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് രണ്ട് ഉദ്യോഗസ്ഥരെ ദുബായില്‍ നിയോഗിച്ചിട്ടുണ്ട്. പിസിബി മുന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സല്‍മാന്‍ നസീറിനോടും സിഒഒ സുമൈര്‍ സയ്യിദിനോടും ദുബായില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചര്‍ച്ചകള്‍ ”പോസിറ്റീവ് ദിശയിലേക്ക്” നീങ്ങിയാല്‍ ടൂര്‍ണമെന്റിന്റെ ഷെഡ്യൂളിനെക്കുറിച്ചുള്ള പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.