വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് (ഐസിസി) ടീം പ്രഖ്യാപനത്തിന് അല്‍പ്പം കൂടി സാവകാശം തേടിയെന്നാണ് അറിയുന്നത്. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ജനുവരി 12-നകം സ്‌ക്വാഡിനെ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച്, പ്രഖ്യാപനം ജനുവരി 19-വരെ നീളും.
സാധാരണ ഐസിസി ടൂര്‍ണമെന്റുകള്‍ തുടങ്ങുന്നതിന്റെ ഒരുമാസം മുമ്പാണ് ടീം പ്രഖ്യാപിക്കേണ്ടത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡ് അഞ്ച് ആഴ്ച്ചകള്‍ക്ക് മുമ്പ് പ്രഖ്യാപിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. അത് പ്രകാരം ജനുവരി 12ന് മുമ്പ് ടീം പ്രഖ്യാപിക്കേണ്ടതുണ്ട്. ഇതിലാണ് ബിസിസിഐ സാവകാശം ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ടൂര്‍ണമെന്റിന് മുന്നോടിയായി, ഫെബ്രുവരി 6, 9, 12 തീയതികളില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ ഉടന്‍ പ്രഖ്യാപിക്കും. ടി20 പട്ടികയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. നേരത്തെ ബംഗ്ലാദേശിനെതിരെ നാട്ടില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയേക്കും.
2023 ഏകദിന ലോകകപ്പില്‍ അവസാനമായി ഇന്ത്യയെ പ്രതിനിധീകരിച്ച മുഹമ്മദ് ഷമി, പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത ശേഷം ഏകദിന പമ്പരയിലൂടെ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. വാഷിംഗ്ടണ്‍ സുന്ദര്‍, യശസ്വി ജയ്സ്വാള്‍ എന്നിവരും ഏകദിന ടീമിലേക്ക് മത്സരിക്കുന്നു. അതേസമയം, നിതീഷ് കുമാര്‍ റെഡ്ഡിയെപ്പോലുള്ള കളിക്കാര്‍ ഏകദിന ടീമില്‍ ഇടം നേടാന്‍ സാധ്യതയില്ലെങ്കിലും ടി20 സജ്ജീകരണത്തില്‍ അവരുടെ സ്ഥാനം നിലനിര്‍ത്തിയേക്കും.