ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ കാര്യത്തില്‍ സ്തംഭനാവസ്ഥ തുടരുകയാണ്. തങ്ങളുടെ ടീമിനെ അതിര്‍ത്തിക്കപ്പുറത്തേക്ക് അയക്കേണ്ടതില്ലെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) അറിയിച്ചിരുന്നു. എന്നിരുന്നാലും, മുഴുവന്‍ ടൂര്‍ണമെന്റും നാട്ടില്‍ സംഘടിപ്പിക്കാനുള്ള അവകാശം നേടിയതിനാല്‍ ഒരു മത്സരം പോലും രാജ്യത്തിന് പുറത്ത് പോകാന്‍ അനുവദിക്കില്ലെന്നതില്‍ പാകിസ്ഥാനും ഉറച്ചുനിന്നു.
വിഷയത്തില്‍ പിസിബി പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഉപദേശം തേടിയിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിലെ ഒരു റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തിന് പുറത്തേക്ക് ഒരു കളിയും മാറ്റരുതെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടതായാണ് വിവരം.
പാകിസ്ഥാനില്‍ നിന്ന് ഒരു കളിയും മാറ്റരുതെന്ന് ഞങ്ങളുടെ സര്‍ക്കാര്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്, സമയമാകുമ്പോള്‍ അതായിരിക്കും ഞങ്ങളുടെ നിലപാട്. ഇപ്പോള്‍, ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ച് ഐസിസി ഞങ്ങളെ അറിയിച്ചതേയുള്ളൂ. ചാമ്പ്യന്‍സ് ട്രോഫിയുടെ ആതിഥേയാവകാശം ഞങ്ങള്‍ക്കുണ്ട്. അതിനാല്‍ ഗെയിമുകള്‍ പാകിസ്ഥാന് പുറത്തേക്ക് മാറ്റാന്‍ ഒരു വഴിയുമില്ല- ഒരു പിസിബി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Read more
മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ബാസിത് അലിയും തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഹൈബ്രിഡ് മോഡല്‍ സ്വീകരിക്കുന്നതില്‍നിന്ന് പിസിബിയെ പാക് സര്‍ക്കാര്‍ വിലക്കിയതായി അദ്ദേഹം പറഞ്ഞു.