തുടര്‍ച്ചയായ അവഗണന, സഞ്ജു ഇന്ത്യ 'വിടാനൊരുങ്ങി', എന്നാലവിടെയും പാരവെച്ചു

ഏഷ്യന്‍ ഗെയിംസ്, ഏഷ്യാ കപ്പ്, ലോകകപ്പ് ഏറ്റവും ഒടുവിലായി ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലും സഞ്ജു സാംസണിനെ ടീം ഇന്ത്യ തഴഞ്ഞിരിക്കുകയാണ്. ഈ തുടര്‍ച്ചയായ അവഗണനയ്ക്കിടെ കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ സഞ്ജു ശ്രമം നടത്തിയിരുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

കൗണ്ടിയില്‍ നിന്നും സഞ്ജുവിനു ഓഫര്‍ വരികയും അദ്ദേഹം ഒരു ടീമുമായി കരാര്‍ ഒപ്പുവയ്ക്കുന്നതിനു തൊട്ടരികില്‍ വരെയെത്തുകയും ചെയ്തിരുന്നു. പക്ഷെ ഈ സമയത്താണ് ഏഷ്യാ കപ്പിനുള്ള ടീമിലേക്കു റിസര്‍വ് താരമായി സഞ്ജുവിനെ ടീമിലെടുക്കുന്നത്. ഇതോടെ കൗണ്ടിയില്‍ നിന്നുള്ള ഓഫര്‍ അദ്ദേഹം വേണ്ടെന്നു വയ്‌ക്കേണ്ടി വരികയായിരുന്നു.

ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. എന്നാല്‍ ടീം പ്രഖ്യാപനത്തില്‍ ഒരു വിഭാഗം ആരാധകര്‍ തൃപ്തരല്ല. ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള സഞ്ജുവിനെ വീണ്ടും തഴഞ്ഞതില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

ഏകദിനങ്ങളില്‍ മോശം പ്രകടനം തുടരുന്ന സൂര്യകുമാര്‍ യാദവ്, പരിക്കിന്റെ പിടിയിലുള്ള ശ്രേയസ് അയ്യര്‍ യുവതാരങ്ങളായ ഋതുരാജ് ഗെയ്കവാദ് തിലക് വര്‍മ എന്നിവരെല്ലാം ടീമിലിടം പിടിച്ചപ്പോഴും സഞ്ജുവിന് വിളിയെത്തിയില്ല എന്നതാണ് ആശ്ചര്യകരമായ കാര്യം.