വനിതാ ടി20 ലോകകപ്പിലെ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം വിവാദത്തില്‍. ന്യൂസിലന്‍ഡ് താരം അമേലിയ കെര്‍ റണ്ണൗട്ടായതിനെച്ചൊല്ലിയാണ് വിവാദം നടക്കുന്നത്. ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ പതിനാലാം ഓവറിലായിരുന്നു അമ്പയറുടെ അസാധാരണ നടപടിയ്ക്ക് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.
ഇന്ത്യന്‍ ബോളര്‍ ഷഫാലി വര്‍മയുടെ ഓവറിലെ അവസാന പന്തില്‍ അമേലിയ കെര്‍ ലോംഗ് ഓഫിലേക്ക് അടിച്ച പന്തില്‍ സിംഗിള്‍ ഓടി. ലോംഗ് ഓഫില്‍ പന്ത് ഫീല്‍ഡ് ചെയ്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ആകട്ടെ പന്ത് കൈയിലെടുത്തശേഷം ബോളര്‍ക്കോ കീപ്പര്‍ക്കോ ത്രോ ചെയ്യാതെ ക്രീസിനടുത്തേക്ക് ഓടി.
ഈ സമയം ബോളിംഗ് എന്‍ഡിലെ അമ്പയര്‍ ഓവര്‍ പൂര്‍ത്തിയായതിനാല്‍ ഷാഫാലി വര്‍മക്ക് ക്യാപ് നല്‍കി. എന്നാല്‍ ഹര്‍മന്‍പ്രീത് പന്ത് ബോളര്‍ക്കോ കീപ്പര്‍ക്കോ നല്‍കാതെ ഓടി വരുന്നതുകണ്ട അമേലിയ കര്‍ രണ്ടാം റണ്ണിനായി തിരിച്ചോടി. ഇതുകണ്ട ഹര്‍മന്‍പ്രീത് പന്ത് വിക്കറ്റ് കീപ്പര്‍ എന്‍ഡിലേക്ക് ത്രോ ചെയ്തു. പന്ത് കലക്ട് ചെയ്ത റിച്ച ഘോഷ് അമേലിയ ക്രീസിലെത്തുന്നതിന് മുമ്പെ റണ്ണൗട്ടാക്കി.
Controversial Call! Kerr Survives Run-Out. #INDvsNZ pic.twitter.com/HkrAG2qwhq
— ANMOL PATEL (@anmolpatel2373) October 4, 2024
എന്നാല്‍ ലെഗ് അമ്പയറോട് റണ്ണൗട്ടിനായി അപ്പീല്‍ ചെയ്യുമ്പോള്‍ അമ്പയര്‍ ഷൂ ലേസ് കെട്ടുന്ന തിരിക്കിലായിരുന്നു. റണ്ണൗട്ടാണെന്ന് ഉറപ്പിച്ചതിനാല്‍ അമേലിയ കെര്‍ ക്രീസ് വിട്ട് ഡ്രസ്സിംഗ് റൂമിലേക്ക് തിരികെ നടക്കുകയും ചെയ്തു. എന്നാല്‍ റീപ്ലേ പരിശോധിച്ച ടിവി അമ്പയര്‍ അത് ഔട്ടല്ലെന്ന് വിധിച്ച് അമേലിയയെ തിരിച്ചുവിളിച്ചു.
സിംഗിള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ അമ്പയര്‍ ബോളര്‍ക്ക് തൊപ്പി നല്‍കി മടങ്ങിയതിനാല്‍ ആ സമയം പന്ത് ഡെഡ് ആണെന്നും അതിനാല്‍ അത് റണ്ണൗട്ടായി കണക്കാക്കാനാവില്ലെന്നുമായിരുന്നു ടിവി അമ്പയറുടെ വാദം. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും കോച്ച് ഡബ്ല്യു വി രാമനും അമ്പയര്‍മാരോട് തര്‍ക്കിച്ചെങ്കിലും അമ്പയര്‍മാര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു.