ഷാർജ കപ്പ് ഫൈനലിൽ മണൽക്കാറ്റിനെ തോൽപ്പിച്ച ക്രിക്കറ്റ് ദൈവം; തൊണ്ണൂറുകളിലെ പിള്ളേരുടെ ഏറ്റവും വലിയ സന്തോഷം സച്ചിനും ശക്തിമാനും ഞായർ സിനിമകളും മാത്രം ആയിരുന്നു; പിറന്നാൾ വാഴ്ത്തുകൾ മാസ്റ്റർ ബ്ലാസ്റ്റർ

1996 ലോക കപ്പ്:- ഇന്ത്യ പാക്കിസ്ഥാൻ മത്സരം ബംഗളുരുവിൽ,,കൈയിൽ ഒരു ബോളുമായി അമ്പയറുടെ അടുത്തേയ്ക്കു വരുന്ന ചുരുണ്ട മുടിയുള്ള,വളയിട്ട, ബുൾഗാൻ താടിക്കാരനെ കാണിച്ചു തന്നിട്ട് ഒന്നാം ക്ലാസുകാരനായ എന്നെ മടിയിലിരുത്തി ക്രിക്കറ്റിന്റെ ബാലപാഠം പഠിപ്പിച്ച അച്ചാച്ചൻ പറഞ്ഞു തന്നു,,അതാണ് സച്ചിൻ…അന്ന് മുതൽ ഇന്ന് വരെ ആ പേര് ഒരു വികാരമായി കൊണ്ട് നടക്കുന്നു…ഞങ്ങൾ തൊണ്ണൂറുകളിലെ പിള്ളേരുടെ അന്നത്തെ വലിയ സന്തോഷമായിരുന്നു സച്ചിനും,ശക്തിമാനും,ദൂരദർശനിലെ ഞായർ സിനിമകളും.

ഏറെക്കുറെ ഒറ്റയ്ക്ക് നിന്ന് പല മത്സരങ്ങളും അയാൾ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചു, പടിവാതുക്കൽ എത്തിയ പല വിജയങ്ങളും കൈ വിട്ടു പോയി. അപ്പോഴെല്ലാം സച്ചിന്റെ സങ്കടം എന്റെയും സങ്കടമായി മാറി. 1998 ഷാർജ കപ്പ് എങ്ങനെ മറക്കും,,ഒരു ജന്മദിന ദിവസം ഓസ്‌ട്രേലിയൻ ബൗളർമാരെ നിലംപരിശാക്കിയ സെമിയും,ഫൈനലും ഇപ്പോളും കണ്മുന്നിലുണ്ട്. സ്വന്തം പിതാവിന്റെ വിയോഗത്തിന് ശേഷം 1999 ലോകകപ്പിൽ കെനിയക്കെതിരെ നേടിയ 140 റൺസിന്‌ മൂല്യമേറെയാണ്.

കോഴ ആരോപണത്തിൽ കുടുങ്ങി വിഗ്രഹങ്ങൾ പലതും ഉടഞ്ഞു വീണപ്പോൾ ഒന്നേ ആഗ്രഹിച്ചുള്ളു,,എന്റെ ഹീറോ അതിലുണ്ടാവരുതേ…മൂല്യങ്ങൾ പകർന്നു നൽകിയ മാതാപിതാക്കളുടെ മകന് രാജ്യത്തെ ഒറ്റികൊടുക്കാൻ കഴിയുമോ….ഒരിക്കലും പറ്റില്ല…ആളുകൾ അകന്നു തുടങ്ങിയ ഈ കളിയെ വീണ്ടും അവരിലേക്കെത്തിക്കാൻ ഗാംഗുലി,ദ്രാവിഡ്,കുംബ്ലെ,ലക്ഷ്മൺ എന്നിവരോടൊപ്പം സച്ചിനും മുന്നിട്ടിറങ്ങി..ഫലമോ ഒരിക്കലും വിജയിക്കില്ല എന്നുറപ്പിച്ച വിദേശ പിച്ചുകളിൽ അടക്കം യുവ താരങ്ങളുടെ പിന്തുണയോടെ തുടർ വിജയങ്ങൾ.

പണ്ട് സച്ചിൻ പോയാൽ, ഇന്ത്യ തീർന്നു എന്ന അവസ്ഥയിൽ നിന്ന് തന്റെ കൗമാര കാലത്തേ അനുസ്മരിപ്പിക്കുന്ന പ്രകടനവുമായി സച്ചിൻ ഇറങ്ങിയപ്പോൾ മുപ്പത്തിയഞ്ചു വയസിനു ശേഷം റെക്കോർഡുകൾ വഴി മാറി…(ഏകദിനത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി ഉദാഹരണം)…
ഒടുവിലെ മത്സര ശേഷം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ജന ലക്ഷങ്ങളെ സാക്ഷിയാക്കി അദ്ദേഹം ആനന്ദാശ്രു പൊഴിച്ചപ്പോൾ അറിയാതെ ഞാനും കരഞ്ഞു പോയി….ഇനി ഉണ്ടാകുമോ ഇത് പോലൊരു ഇതിഹാസം ,,,അറിയില്ല പക്ഷെ സച്ചിൻ എന്നും സച്ചിൻ ആണ്,,,,,,പകരമില്ല….

കുര്യൻ ജോർജ്ജ്

HAPPY BIRTHDAY MY HERO ……..