ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍നിന്നും ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. തന്റെ 39-ാം ജന്മദിനത്തിലാണ് കാര്‍ത്തിക് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ മാസം ഐപിഎല്‍ 2024 എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് വേണ്ടി അവസാനമായി കളിച്ച കാര്‍ത്തിക്, ബംഗ്ലാദേശിനെതിരായ 2022 ടി20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിലാണ് അവസാനമായി ഇന്ത്യയെ പ്രതിനിധീകരിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് ലഭിച്ച വാത്സല്യവും പിന്തുണയും സ്നേഹവും എന്നെ ആകര്‍ഷിച്ചു. ഈ വികാരം സാധ്യമാക്കിയ എല്ലാ ആരാധകര്‍ക്കും എന്റെ അഗാധമായ നന്ദിയും ആത്മാര്‍ത്ഥമായ നന്ദിയും- എക്സില്‍ പോസ്റ്റ് ചെയ്ത വിരമിക്കല്‍ കുറിപ്പില്‍ കാര്‍ത്തിക് പറഞ്ഞു.
രാജ്യത്തെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് കളിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു. എല്ലാ സമയത്തും മാതാപിതാക്കള്‍ കരുത്തും പിന്തുണയും നല്‍കി. അവരുടെ അനുഗ്രഹമില്ലാതെ ഞാന്‍ ഈ നിലയില്‍ എത്തില്ലായിരുന്നു. ജീവിതപങ്കാളി ദീപികയോടും കടപ്പെട്ടിരിക്കുന്നു. ആരാധകരുടെ പിന്തുണയും സ്നേഹവും ഇല്ലാതെ ക്രിക്കറ്റിനും ക്രിക്കറ്റ് താരങ്ങള്‍ക്കും നിലനില്‍പ്പുണ്ടാകില്ല- കാര്‍ത്തിക് പറഞ്ഞു.
It's official 💖
Thanks
DK 🙏🏽 pic.twitter.com/NGVnxAJMQ3— DK (@DineshKarthik) June 1, 2024
2004 സെപ്റ്റംബറില്‍ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ 50 ഓവര്‍ ഫോര്‍മാറ്റില്‍ ആദ്യമായി രാജ്യത്തെ പ്രതിനിധീകരിച്ചതിന് ശേഷം ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറില്‍ കാര്‍ത്തിക് ഇന്ത്യക്കായി 26 ടെസ്റ്റുകളും 94 ഏകദിനങ്ങളും 60 ടി20 മത്സരങ്ങളും കളിച്ചു. ഏകദിനത്തില്‍ 30.21 ശരാശരിയില്‍ 1752 റണ്‍സും ട്വന്റി 20 യില്‍ 26.38 ശരാശരിയില്‍ 686 റണ്‍സും നേടി. ടെസ്റ്റില്‍ 42 ഇന്നിങ്സുകളില്‍ നിന്ന് 1025 റണ്‍സാണ് കാര്‍ത്തിക്കിന്റെ സമ്പാദ്യം. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു സെഞ്ചുറി നേടിയപ്പോള്‍ മൂന്ന് ഫോര്‍മാറ്റുകളിലുമായി 17 അര്‍ധ സെഞ്ചുറി സ്വന്തമാക്കി.
അവസരങ്ങള്‍ വളരെ കുറവായിരുന്നുവെങ്കിലും ഒരു വൈറ്റ്-ബോള്‍ ഫിനിഷറായി അദ്ദേഹം സ്വയം പുനര്‍നിര്‍മ്മിച്ചു. ആര്‍സിബിയുമായുള്ള മികച്ച ഐപിഎല്‍ സീസണിന്റെ പിന്‍ബലത്തില്‍ 2022 ലോകകപ്പിനായി ദേശീയ തിരിച്ചുവിളി നേടി. തന്റെ 401 ടി20 മത്സരങ്ങളില്‍, 34 അര്‍ദ്ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 7407 റണ്‍സ് താരം നേടി. തന്റെ 257-ഗെയിം ഐപിഎല്‍ കരിയറില്‍, കാര്‍ത്തിക് ആര്‍സിബി കൂടാതെ കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, പഞ്ചാബ് കിംഗ്‌സ് എന്നിവയ്ക്കായി കളിച്ച് 26.32 ശരാശരിയില്‍ 4842 റണ്‍സ് നേടി.