നിങ്ങൾ കാര്യം അറിയാതെ സൂര്യയെ വിമർശിക്കരുത്, അവൻ ഒരു സെൽഫിഷായ താരമല്ല; ഇന്ത്യൻ ബാറ്റിംഗ് പരിശീലകന്റെ വാക്കുകൾ വൈറൽ

ഇപ്പോൾ നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ ആദ്യ രണ്ട് ടി 20 മത്സരങ്ങളും വിജയിച്ച് മുന്നേറുകയാണ് ഇന്ത്യ. ആദ്യ ടി 20 7 വിക്കറ്റിനും രണ്ടാം ടി 20 2 വിക്കറ്റിനുമാണ് ആതിഥേയർ വിജയിച്ചത്. ഇന്ത്യയുടെ എല്ലാ ഡിപ്പാർട്മെന്റും പൂർണ ആധിപത്യമാണ് മത്സരങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ നാളുകൾ ഏറെയായി ടീമിൽ മോശമായ പ്രകടനമാണ് ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് കാഴ്ച വെക്കുന്നത്.

ക്യാപ്റ്റനായി കളിച്ച 7 ടി 20 മത്സരങ്ങളും വിജയിപ്പിക്കാനായെങ്കിലും ബാറ്റിംഗിൽ അദ്ദേഹം ഇപ്പോൾ നിറം മങ്ങുകയാണ്. അതിൽ വൻതോതിലുള്ള വിമർശനവും ഉയരുകയാണ്. എന്നാൽ താരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റിംഗ് പരിശീലകനായ സീതാൻഷു കൊടക്ക്.

സീതാൻഷു കൊടക്ക് പറയുന്നത് ഇങ്ങനെ:

” ട്വന്റി 20 ക്രിക്കറ്റിൽ 200-225 സ്കോർ അടിക്കണമെന്ന് ലക്ഷ്യംവെച്ചാൽ പിന്നെ വിക്കറ്റ് കാത്തുസൂക്ഷിക്കാൻ താരങ്ങൾക്ക് കഴിയില്ല. ഒരൽപ്പം പോലും സെൽഫിഷ് ആയിട്ടല്ല സൂര്യകുമാർ കളിക്കുന്നത്. ഇക്കാര്യങ്ങളാണ് സൂര്യ തന്റെ സഹതാരങ്ങളോടും പറയുന്നത്. ചില മത്സരങ്ങളിൽ സൂര്യകുമാർ നന്നായി കളിക്കും, മറ്റ് ചിലതിൽ മോശം പ്രകടനമാകും”

സീതാൻഷു കൊടക്ക് തുടർന്നു:

” സൂര്യകുമാർ നന്നായി കളിക്കുന്നുണ്ടെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. എല്ലാ മത്സരങ്ങളിലും സൂര്യ മികച്ച പ്രകടനം നടത്തണമെന്ന് കരുതരുത്. ട്വന്റി 20 ക്രിക്കറ്റിൽ അതിവേ​ഗം റൺസ് സ്വന്തമാക്കാനാണ് ശ്രമിക്കേണ്ടത്. ചിലപ്പോൾ വേ​ഗത്തിൽ വിക്കറ്റ് നഷ്ടമാകും. അത് റൺസ് ഉയർത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ്” സീതാൻഷു കൊടക്ക് പറഞ്ഞു.