എന്റെ പേരും പറഞ്ഞ് അവനെ ചൊറിയാൻ പോകരുത്, നിങ്ങൾക്ക് അറിയാത്ത ഒരു സംഭവം അതിന്റെ പിന്നിൽ ഉണ്ട്; തുറന്നടിച്ച് യശസ്വി ജയ്‌സ്വാൾ

സിംബാബ്‌വെയ്‌ക്കെതിരെ നടന്ന പരമ്പരയിലെ നാലാം മത്സരത്തിൽ തകർപ്പൻ ഇന്നിംഗ്സ് കളിച്ച് 93* റൺസ് നേടിയ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ ടി20 ഐ ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയത് ഈ പരമ്പരയിൽ ഇന്ത്യക്ക് കിട്ടിയ ഏറ്റവും വലിയ പോസിറ്റീവുകളിൽ ഒന്നാണ് എന്ന് യാതൊരു സംശയവും ഇല്ലാതെ പറഞ്ഞു. വെസ്റ്റ് ഇൻഡീസിൽ നടന്ന ടി20 ലോകകപ്പ് ജേതാക്കളായ ടീമിൻ്റെ ഭാഗമായ ശേഷം സിംബാബ്‌വെയിൽ ടീമിനൊപ്പം ചേർന്ന ജയ്‌സ്വാൾ എന്തായാലും ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും കളത്തിൽ ഇറങ്ങാൻ സാധികാത്ത ക്ഷീണം തീർക്കുന്ന കാഴ്ചയും കാണാൻ പറ്റി.

എന്നിരുന്നാലും മത്സരത്തിൽ താരത്തിന് സെഞ്ച്വറി നേടാൻ സുവർണാവസരം ഉണ്ടായിരുന്നു. ജയ്‌സ്വാളിനൊപ്പം ഗിൽ കൂടി ഓപണിംഗിൽ മികച്ച ഇന്നിംഗ്സ് കളിച്ചതോടെ ഇന്ത്യക്ക് 10 വിക്കറ്റിൻ്റെ ഗംഭീര ജയമാണ് സ്വന്തമാക്കാൻ സാധിച്ചത്. തൻ്റെ കന്നി ടി 20 ജയ്‌സ്വാൾ നേടുമെന്ന് തോന്നിച്ച സമയത്ത് ഗിൽ പെട്ടെന്ന് വമ്പനടികളുമായി ഇന്ത്യയെ ഫിനിഷിങ് ലൈൻ കടത്തുക ആയിരുന്നു..

ജയ്‌സ്വാൾ സെഞ്ച്വറി തികയ്ക്കും മുമ്പ് കളി അവസാനിപ്പിക്കാനുള്ള ഗില്ലിൻ്റെ തീരുമാനം വ്യാപകമായ വിമർശനങ്ങൾക്ക് ഇടയാക്കിയെങ്കിലും ജയ്‌സ്വാൾ ആ വിവാദങ്ങൾ എല്ലാം അവസാനിപ്പിച്ചിരിക്കുകയാണ്. ക്യാപ്റ്റനുമായുള്ള തൻ്റെ ഏക ചർച്ച മത്സരം എങ്ങനെ വേഗത്തിൽ അവസാനിപ്പിക്കാമെന്ന് ആണെന്നും 10 വിക്കറ്റ് വിജയം ഉറപ്പാക്കാനാണ് ശ്രമിച്ചതെന്നും ജയ്‌സ്വാൾ വെളിപ്പെടുത്തി.

“ഗില്ലിനൊപ്പം കളിക്കുന്നത് അവിശ്വസനീയമായ അനുഭവമായിരുന്നു. എന്നത്തേയും പോലെ, ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിൽ എനിക്ക് വലിയ അഭിമാനം തോന്നി. ടീമിന് വേണ്ടി ഒരു വിജയത്തോടെ കളി അവസാനിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഏക ശ്രദ്ധ. വിക്കറ്റ് നഷ്ടപ്പെടാതെ ജയം രേഖപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിച്ചു,” ജയ്‌സ്വാൾ പറഞ്ഞു.

“ചാമ്പ്യൻ ഇന്ത്യൻ ടീമിൻ്റെ ഭാഗമായി, ഞാൻ അനുഭവവും പ്രക്രിയയും നന്നായി ആസ്വദിച്ചു. ഞാൻ വളരെയധികം കാര്യങ്ങൾ പഠിച്ചു, എല്ലാ അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ ഞാൻ ഉത്സുകനായിരുന്നു, എപ്പോഴും എൻ്റെ ടീമിന് വിജയങ്ങൾ സംഭാവന ചെയ്യാനും ടീമിന്റെ വിജയം മാത്രം ലക്ഷ്യമിടാനുമാണ് ശ്രമം ”അദ്ദേഹം കൂട്ടിച്ചേർത്തു.

വിരാട് കോഹ്‌ലിയും രോഹിതും ഇനി ടി 20 കളിക്കില്ല എന്ന് അറിയിച്ച സാഹചര്യത്തിൽ ജൈസ്വാളും ഗില്ലും അടക്കമുള്ള യുവതാരങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ എന്ന് പറയാം.