ആൻഡേഴ്സൺ വരെ ലേലത്തിൽ ഉണ്ടല്ലോ, അപ്പോൾ 50 വയസുള്ള എന്നെയും പരിഗണിക്കാം; ടീമുകളോട് ആവശ്യവുമായി ഇതിഹാസ താരം

വിരമിച്ച ശേഷം ഇതിഹാസ പേസർ ജിമ്മി ആൻഡേഴ്സൺ ഇന്ത്യൻ പ്രീമിയർ ലീഗ് ലീഗ് മെഗാ ലേലത്തിൽ തന്റെ പേര് രജിസ്റ്റർ ചെയ്തത് ഏവരെയും ഞെട്ടിച്ചിരുന്നു. ഈ വർഷം ആദ്യം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച 42 കാരനായ ആൻഡേഴ്സൺ ഐപിഎല്ലിലേക്ക് രജിസ്റ്റർ ചെയ്ത് എല്ലാവരേയും അത്ഭുതപ്പെടുത്തി. മുമ്പ് 2012 സീസണിലും സമാനമായ രീതിയിൽ താരം ലേലത്തിൽ രജിസ്റ്റർ ചെയ്‌തെങ്കിലും അന്ന് താരത്തെ ഒരു ടീമും മേടിച്ചിരുന്നില്ല.

ആൻഡേഴ്സണെ പോലെ ഇത്ര സീനിയർ ആയ ഒരു താരത്തെ ടീമിലെടുക്കാൻ ചില ടീമുകൾ എങ്കിലും ശ്രമിക്കാൻ സാധ്യതയുണ്ട്. ചെന്നൈ സൂപ്പർ കിങ്‌സ് അടക്കമുള്ള ടീമുകൾ തങ്ങളുടെ ബാക്കപ്പ് ഓപ്ഷൻ ആയിട്ട് താരത്തെ പരിഗണിച്ചേക്കും. ഒരേ സമയം ടീമിലെ സീനിയർ താരവും ബോളിങ് മെന്ററുമായി തുടരാൻ താരത്തിന് പറ്റുമെന്ന് ഉറപ്പാണ്.

ആൻഡേഴ്സൺ ലേലത്തിൽ എത്തിയത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഹെർഷൽ ഗിബ്‌സ് പ്രതികരിക്കുകയും 50-ആം വയസിലും ലേലത്തിൽ പങ്കെടുക്കാൻ താനും തയ്യാറാണെന്ന് പറഞ്ഞു.”ജിമ്മി ലേലത്തിൽ വന്ന സ്ഥിതിക്ക് അവനൊപ്പം ചേർന്ന് ലേലത്തിൽ ഇറങ്ങാൻ ഞാനും തയാറാണ്.” ഗിബ്‌സ് കുറിച്ചു.

ലീഗിൽ ഡെക്കാൻ ചാർജേഴ്സിനെയും മുംബൈ ഇന്ത്യൻസിനെയും പ്രതിനിധീകരിച്ച് ഗിബ്സ് കളിച്ചു. ഐപിഎൽ 2008 മുതൽ 2010 വരെ ഡെക്കാൻ ചാർജേഴ്സിൻ്റെ ഭാഗമായിരുന്നു അദ്ദേഹം. 2012ൽ മുംബൈ ഇന്ത്യൻസിന് വേണ്ടി മൂന്ന് മത്സരങ്ങൾ കളിച്ചു. ജെയിംസ് ആൻഡേഴ്സന്റെ വില 1.25 കോടി രൂപയാണ് ലേലത്തിൽ. 44 ടി20 മത്സരങ്ങൾ കളിച്ച ആൻഡേഴ്സൺ 41 വിക്കറ്റ് വീഴ്ത്തി.

ഐപിഎൽ 2025 മെഗാ ലേലം നവംബർ 24, 25 തീയതികളിൽ ജിദ്ദയിൽ നടക്കും. ലേലത്തിന് പോകുന്ന 574 കളിക്കാരെയാണ് ബിസിസിഐ ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.