പാകിസ്ഥാനെ തീര്‍ത്തു, ഇനി ഇന്ത്യ...; രോഹിത്തിനെയും സംഘത്തെയും വെല്ലുവിളിച്ച് ബംഗ്ലാദേശ് നായകന്‍

പാകിസ്ഥാനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തി ടെസ്റ്റ് പരമ്പര നേടിയിരിക്കുകയാണ് ബംഗ്ലാദേശ്. രണ്ട് മത്സരങ്ങളുടെ പരമ്പര ബംഗ്ലാദേശ് തൂത്തുവാരി. ഇനി ബംഗ്ലാദേശിന് മുന്നിലുള്ളത് ഇന്ത്യക്കെതിരായ ടെസ്റ്റ്, ടി20 പരമ്പരയാണ്. ഇപ്പോഴിതാ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ബംഗ്ലാദേശ് നായകനായ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ.

ഇന്ത്യക്കെതിരായ അടുത്ത പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. പാകിസ്ഥാനെതിരായ ജയം വളരെയധികം ആത്മവിശ്വാസം നല്‍കുന്നു. അനുഭവസമ്പന്നരായ താരങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഇത് ഇന്ത്യയില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്.

മെഹതി ഹസന്‍ മിറാസ് അത്ഭുത പ്രകടനമാണ് നടത്തിയത്. എത്ര മനോഹരമായാണ് അവന്‍ പന്തെറിഞ്ഞത്. പാക് സാഹചര്യത്തില്‍ അഞ്ച് വിക്കറ്റുകള്‍ അവന്‍ നേടി. വലിയ പ്രതീക്ഷ നല്‍കുന്ന മെഹതി ഇന്ത്യക്കെതിരേയും ഇതേ പ്രകടനം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാകിസ്ഥാനെതിരായ പരമ്പര നേട്ടത്തിന്റെ സന്തോഷം എത്രത്തോളമാണെന്ന് വാക്കുകളിലൂടെ പറയാനാവില്ല. താരങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നതും എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുത്ത് തങ്ങളുടെ ജോലി നന്നായി ചെയ്തു. ഈ വിജയ സംസ്‌കാരം തുടരാനാവുമെന്ന് തന്നെ കരുതുന്നു- ഷാന്റോ പറഞ്ഞു.

Read more