'ഗംഭീര്‍ അക്കാര്യം വ്യക്തമായി പറഞ്ഞു'; നായകസ്ഥാനത്തേക്കുള്ള റേസില്‍ സംഭവിച്ച അട്ടിമറി വെളിപ്പെടുത്തി ബിസിസിഐ ഉദ്യോഗസ്ഥന്‍

ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നത് ബിസിസിഐയ്ക്കുള്ളില്‍ ഒരു തര്‍ക്കവിഷയമായി മാറിയിരിക്കുകയാണ്. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഈ ചര്‍ച്ചയിലെ പ്രധാന വ്യക്തിയായി ഉയര്‍ന്നുവന്നു. ലോകകപ്പിനിടെ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യ പിന്‍ഗാമിയായി വരുമെന്നാണ് ആദ്യ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇപ്പോള്‍ അത് മാറിയിരിക്കുകയാണ്.

സമീപകാല സംഭവവികാസത്തില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ഒരു സര്‍പ്രൈസ് ഫ്രണ്ട് റണ്ണറായി ഉയര്‍ന്നുവന്നിരിക്കുകയാണ്. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെയും ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെയും സംയുക്ത അഭിപ്രായമാണ് യാദവിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.

ഗൗതം ഗംഭീര്‍ യാദവിനെ വ്യക്തമായി അംഗീകരിച്ചിട്ടില്ലെങ്കിലും, ജോലിഭാരം തടസ്സമാകാത്ത ഒരു ക്യാപ്റ്റനു വേണ്ടി അദ്ദേഹം മുന്‍ഗണന പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. യാദവ് ഒരു വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റായതിനാലും നിലവില്‍ മികച്ച ഫോമിലുള്ളതിനാലും ഈ മാനദണ്ഡത്തിന് കീഴില്‍ അദ്ദേഹം ശക്തനായ സ്ഥാനാര്‍ത്ഥിയായി മാറുന്നു.

‘ഗംഭീര്‍ നേരിട്ട് സൂര്യയുടെ പേര് പറഞ്ഞിട്ടില്ലെങ്കിലും, ജോലിഭാരം തടസ്സമാകാത്ത ഒരു ക്യാപ്റ്റനുമായി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു,’ ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് വെളിപ്പെടുത്തി.