ഐപിഎല്ലിന് മുമ്പെ ബെംഗളൂരുവിന് തിരിച്ചടി തുടങ്ങി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും നിര്‍ഭാഗ്യമുള്ള ടീമാണ് ഇതുവരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മികച്ച താരനിരയെ അണിനിരത്തിയാലും ഇതുവരെ കിരീടത്തില്‍ മുത്തമിടാന്‍ റോയല്‍ ചലഞ്ചേഴ്‌സിന് സാധിച്ചിട്ടില്ല. 11ാം എഡിഷന് അരങ്ങൊരുക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇത്തവണ കിരീടമുറപ്പിക്കാന്‍ തന്നെയാണ് മാനേജ്‌മെന്റിന്റെ ശ്രമം. അത് മുന്നില്‍കണ്ടാണ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാരായ വിരാട് കോഹ്ലിയെയും എബി ഡിവില്ലിയേഴ്‌സിനെയും നിലനിര്‍ത്താന്‍ ചലഞ്ചേഴ്‌സ് തീരുമാനിച്ചത്.

അതേസമയം, സീസണ്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ മറ്റൊരു വാര്‍ത്തയാണ് ചലഞ്ചേഴ്‌സ് ആരാധകരെ അലട്ടുന്നത്. ഈ എഡിഷനില്‍ ടീമിന്റെ മുഖ്യ ബാറ്റിങ് പരിശീലകനായി നിയമിച്ച ഇന്ത്യന്‍ ടീം മുന്‍ പരിശീലകന്‍ ഗാരി കേസ്റ്റണ് പരിക്കേറ്റതാണ് ആരാധകരെ ആശങ്കയിലാക്കുന്നത്. കേസ്റ്റണ്‍ നിലവില്‍ പരിശീലിപ്പിക്കുന്ന ഹൊബാര്‍ട്ട് ഹുറികന്‍സിന്റെ പരിശീലനത്തിനിടയില്‍ താടിയെല്ലിന് പരിക്കേറ്റതാണ് ചലഞ്ചേഴ്‌സ് ആരാധകരെ നിരാശരാക്കുന്നത്.

ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു പരിശീലനം. ഫീല്‍ഡ് ചെയ്യുന്നതിനിടെ കേസ്റ്റണ്‍ വഴുതി വീഴുകയായിരുന്നുവെന്ന് ടീം ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി വ്യക്തമാക്കി. ഉടനെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയ വേണ്ടിവരില്ലെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കിന്റെ ഗുരുതരാവസ്ഥ ഇതുവരെ പുറത്തുവിട്ടിട്ടില്ല.