മൂന്നാം ടി 20 ക്ക് മുമ്പ് സഞ്ജുവിനെ തേടി സന്തോഷ വാർത്ത, ഇത് ബോണസ് തന്നെ; ഹാപ്പിയായി ആരാധകർ

ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് മലയാളി താരമായ സഞ്ജു സാംസണാണ് ട്രെൻഡിങ്. അടുപ്പിച്ച് രണ്ട് സെഞ്ചുറികളാണ് അദ്ദേഹം നേടിയിരിക്കുന്നത്. തുടരെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോഡും സഞ്ജു നേടി. പരമ്പരയിലെ ആദ്യ ടി-20 മത്സരത്തിൽ 61 റൺസിന് ഇന്ത്യ ജയിച്ചപ്പോൾ സഞ്ജു ആയിരുന്നു മാൻ ഓഫ് ദി മാച്ച്. രണ്ടാം ടി 20 യിൽ നിരാശപ്പെടുത്തിയെങ്കിലും സഞ്ജു ഇപ്പോൾ മികച്ച ഫോമിലാണ് കളിക്കുന്നത്.

ഡർബനിലെ തൻ്റെ തകർപ്പൻ സെഞ്ചുറിയെത്തുടർന്ന് സാംസൺ 27 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി റാങ്കിംഗിൽ 39-ാം സ്ഥാനത്തെത്തി. ഇതോടെ ഈ വർഷം ജൂണിൽ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഫോർമാറ്റിൽ നിന്ന് വിരമിച്ച വെറ്ററൻമാരായ രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും ടി20 ഐ റാങ്കിംഗും അദ്ദേഹം മറികടന്നു.

രോഹിത് റാങ്കിംഗിൽ 58-ാം സ്ഥാനത്താണ്, കോഹ്‌ലി 64-ാം സ്ഥാനത്താണ്, ഫോർമാറ്റിൽ നിന്ന് വിരമിച്ചതുകൊണ്ട് ഇരുവരുടെയും റാങ്കിങ് താഴെയാണ്. ഇരുവരും ടി 20 യിൽ നിന്ന് വിരമിച്ചതിനാൽ തന്നെ സഞ്ജുവിനൊക്കെ ഇന്ത്യൻ ടീമിൽ തന്റെ സ്‌ഥാനം ഉറപ്പിക്കാൻ പറ്റിയ സമയവും ഈ ടി 20 പരമ്പര തന്നെ ആയിരിക്കും.

അതേസമയം, ടി20കളിലെ മിന്നുന്ന പ്രകടനത്തിലൂടെ റാങ്കിംഗിൽ ഇനിയും കുതിക്കാൻ സാംസണിന് അവസരമുണ്ട്. മറ്റ് ഇന്ത്യൻ ബാറ്റർമാരിൽ നായകൻ സൂര്യകുമാർ യാദവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ആദ്യ 10-ലുള്ള ഒരേയൊരു ഇന്ത്യൻ താരം യശസ്വി ജയ്‌സ്വാൾ ഏഴാം സ്ഥാനത്താണ്.