ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ടി20 സെഞ്ച്വറി നേടി ചരിത്രം സൃഷ്ടിച്ചു ഗുജറാത്ത് വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഉര്‍വില്‍ പട്ടേല്‍. ഇന്‍ഡോറില്‍ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ത്രിപുരയ്ക്കെതിരായ മത്സരത്തില്‍ വെറും 28 പന്തില്‍ താരം മൂന്നക്കത്തിലെത്തി.
ഐപിഎല്‍ മെഗാലേലത്തില്‍ അണ്‍സോള്‍ഡ് ആയതിന് തൊട്ടുപിന്നാലെയാണ് താരത്തിന്റെ ഈ വെടിക്കെട്ട് പ്രകടനം എന്നതാണ് ശ്രദ്ധേയം. 2023ലെ വിജയ് ഹസാരെ ട്രോഫിയില്‍ ലിസ്റ്റ്-എ ക്രിക്കറ്റില്‍ ഒരു ഇന്ത്യക്കാരന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി നേടിയതിന് ശേഷം കൃത്യം ഒരു വര്‍ഷത്തിന് ശേഷം ബുധനാഴ്ചയാണ് ഉര്‍വില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ടി20 സെഞ്ച്വറി നേടിയത്.
ഉര്‍വിയുടെ വണ്മാന് ഷോയ്ക്കു മുന്നില്‍ ത്രിപുരയ്ക്കു മറുപടി ഇല്ലായിരുന്നു. വെറും 35 ബോളില്‍ 13 സിക്സറും ഏഴു ഫോറുമടക്കം പുറത്താവാതെ താരം വാരിക്കൂട്ടിയത് 113 റണ്‍സാണ്. 322.86 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന്റെ റെക്കോഡാണ് താരം മറികടന്നത്. ആറ് വര്‍ഷം മുമ്പ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ പന്ത് 32 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു.
Read more
ജിദ്ദയില്‍ നടന്ന ഐപിഎല്‍ മെഗാ താരലേലത്തിനുള്ള കളിക്കാരുടെ ലിസ്റ്റില്‍ ഉര്‍വി പട്ടേലുമുണ്ടായിരുന്നു. അണ്‍ക്യാപ്ഡ് വിക്കറ്റ് കീപ്പര്‍മാരുടെ കാറ്റഗറിയിലുള്‍പ്പെട്ട താരത്തിന്റെ അടിസ്ഥാന വില 30 ലക്ഷം രൂപയായിരുന്നു. ലേലത്തില്‍ 212ാമത്തെ കളിക്കാരനായി ഉര്‍വിയുടെ പേര് വിളിക്കപ്പെടുകയും ചെയ്തിരുന്നു. പക്ഷെ ഒരു ഫ്രാഞ്ചൈസിയും താരത്തത്തെ വാങ്ങാന്‍ മുന്നോട്ടു വന്നില്ല. നേരത്തേ 2023ലെ ലേലത്തില്‍ 20 ലക്ഷം രൂപയ്ക്കു ഉര്‍വി ഗുജറാത്ത് ടൈറ്റന്‍സിലെത്തിയിരുന്നു. പക്ഷെ താരത്തിന് അവസരം ലഭിച്ചില്ല.