ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതിന്റെ പ്രധാന കാരണം മോശം ബാറ്റിംഗാണെന്നു ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. മധ്യ ഓവറുകളിലെ സ്ലോ ബാറ്റിംഗ് ഇന്ത്യക്കു കനത്ത തിരിച്ചടിയായി മാറിയെന്നും ആരെങ്കിലുമൊരാള്‍ അഗ്രസീവായി ബാറ്റ് ചെയ്തിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ആദ്യത്തെ ആറ്- ഏഴു ബാറ്റര്‍മാര്‍ അഗ്രസീവായി കളിക്കുകയും ടീം 150നു ഓള്‍ഔട്ടാവുകയും ചെയ്താലും കുഴപ്പമില്ലായിരുന്നു. പക്ഷെ ഒരു ലോകകപ്പ് ഫൈനലില്‍ 240 റണ്‍സ് പ്രതിരോധിക്കാന്‍ കഴിയുമെന്നു നിങ്ങള്‍ കരുതിയെങ്കില്‍ ഇങ്ങനെയല്ല നിങ്ങള്‍ പോരാടേണ്ടത്. അഗ്രസീവ് ബാറ്റിംഗ് കാഴ്ച വച്ചിരുന്നെങ്കില്‍ ഒന്നുകില്‍ നമ്മള്‍ 150ന് പുറത്തായേനെ, അല്ലെങ്കില്‍ 300 റണ്‍സിനും പുറത്താവുമായിരുന്നു.
ഇന്ത്യക്കു ഇവിടെയാണ് പിഴച്ചതെന്നു ഞാന്‍ കരുതുന്നു. ഇതു കൊണ്ടു തന്നെയാണ് ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു ജയിക്കാന്‍ കഴിയാതെ പോവുന്നത്. ഞാന്‍ പുറത്തായാലും നിങ്ങളെല്ലാം അഗ്രസീവായി തന്നെ കളിക്കണമെന്നു ഫൈനലിനു മുമ്പ് ടീമംഗങ്ങള്‍ക്കു രോഹിത് സന്ദേശം നല്‍കണമായിരുന്നു.
Read more
കോഹ്‌ലി ആങ്കറുടെ റോള്‍ സ്വീകരിച്ചപ്പോള്‍ കെഎല്‍ രാഹുലിന് അഗ്രസീവായി ഷോട്ടുകള്‍ കളിക്കാമായിരുന്നു. അതുകൊണ്ടു എന്തു നഷ്ടമാണ് സംഭവിക്കുക? ചിലപ്പോള്‍ നമ്മള്‍ 150ന് പുറത്താവും. പക്ഷെ നമ്മള്‍ ധൈര്യശാലികളായി മാറുമായിരുന്നു. ചിലപ്പോള്‍ നമ്മള്‍ 310 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ലോക ചാമ്പ്യന്മാരുമാവുകയും ചെയ്യുമായിരുന്നു. ഇതു 1990കളല്ല, 240 റണ്‍സെന്നത് ഇപ്പോള്‍ നല്ല സ്‌കോറല്ല. 300 പ്ലസ് ടോട്ടലുകളാണ് നിങ്ങള്‍ക്കു ആവശ്യം- ഗംഭീര്‍ പറഞ്ഞു.